Tue. Apr 23rd, 2024
തിരുവനന്തപുരം:

കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തവണത്തെ ഓണനാളുകളും കോവിഡ് തകര്‍ത്തെറിഞ്ഞതോടെ പലിശയ്ക്ക് പണമെടുത്ത് പാക്കളങ്ങളില്‍ പാവുകളിറക്കിയ തൊഴിലാളികള്‍ തീരാദുരിതത്തിലായി. ബാലരാമപുരം കൈത്തറി മേഖലക്ക് വേണ്ടി രാപ്പകല്‍ വ്യാത്യാസമില്ലാതെ ജോലി നോക്കുന്ന ഒരു വിഭാഗമാണ് പാക്കളങ്ങളിലെ നെയ്ത്തുകാർ.

എന്നാല്‍ ഈ തൊഴിലാളികളെ ഇന്നും കൈത്തറി മേഖലയിലെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. ഓണം അടുത്തതോടെ രാപ്പകലില്ലാതെ പാക്കളങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് ഇപ്പോള്‍ ദുരിതത്തിലായത്.
പരമ്പരാഗത കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തും സമീപ പ്രദേശങ്ങളായ ഐത്തിയൂര്‍, കല്ലിയൂര്‍, പെരിങ്ങമ്മല, കോട്ടുകാല്‍, മഗലത്ത്‌കോണം തുടങ്ങിയ പ്രദേശങ്ങളിലെ പാക്കളങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്.

അന്നൊക്കെ ഓണത്തിന് ബാലരാമപുരത്തെ പാക്കളങ്ങളില്‍ ഉത്സവ പ്രതീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിരലിലെണ്ണാവുന്ന നെയ്ത്തുകാര്‍മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. ലോക പ്രശസ്തമായ ബാലരാമപുരം കൈത്തറി വസ്ത്ര നിര്‍മാണത്തിന് പ്രധാന പങ്ക് വഹിക്കുന്നത് ഇത്തരം പാക്കളങ്ങളാണ്. കൈത്തറി വസ്ത്ര നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഘട്ടമാണ് പാവുണക്കല്‍.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നൂലിനെ കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് പാക്കളങ്ങളിലെ ജോലി. ചര്‍ക്കയില്‍ നൂല്‍ ചുറ്റി പാവോട്ടം നടത്തിയാണ് പാക്കളങ്ങളില്‍ എത്തിക്കുക. സൂര്യന്‍റെ രഷ്മി നേരിട്ടുപതിക്കാത്ത തോപ്പുകളിലെ ചോലകളിലാണ് പാവു വിരിക്കുന്നത്.

ഇവക്ക് 150 മീറ്ററോളം നീളമുണ്ടാകും. പാക്കളങ്ങളുടെ ഇരുവശത്തും തൂണുകളിലൂടെ കപ്പിയും കയറും ഉപയോഗിച്ച് നൂല്‍കെട്ടി നിര്‍ത്തി പിരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. മരിച്ചീനി (കപ്പ)-യുടെയും ആട്ടമാവിന്‍റെയും മിശ്രിതപശ ആദ്യം പാവില്‍ തേച്ച് പിടിപ്പിക്കുന്നു. തുടര്‍ന്ന് പല്ലുവരി കെണ്ട് ചീകിയെടുത്ത് നൂല്‍ ഉണക്കുന്നതാണ് പാവുണക്കല്‍.

പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കല്‍ വൈകിട്ട് മൂന്ന് വരെ നീളും. ദിവസം മൂന്ന് പാവ് മാത്രമേ ഒരു കളത്തില്‍ ഉണക്കുവാന്‍ കഴിയുകയുള്ളൂ. ബാലരാമപുരം കൈത്തറിക്ക് പിന്നിലെ ഈ കഠിനാധ്വാനം പുറം ലോകത്ത് അധികമാരും അറിയാതെ പോകുന്നു. പാവുണക്കല്‍ തൊഴിലാളികളെ കൈത്തറി തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ക്ക് പെന്‍ഷന്‍ ഉല്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമല്ല.

150-ലെറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്ത് ഇന്ന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ഓണനാളുകള്‍ക്ക് മാറ്റുകൂട്ടാന്‍ നാടെങ്ങും കൈത്തറി ശേഖരം കണ്‍തുറക്കുമ്പോള്‍ കണ്ണീരിന്‍റെയും വിയര്‍പ്പിന്‍റെയും നനവുള്ള പാക്കളങ്ങള്‍ക്ക് വിശ്രമമില്ല. അധികൃതരുടെ കണ്ണ് തുറക്കുന്നതും കാത്ത് ഓരോ ഓണ നാളുകളും ഇവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അന്യം നിന്നുപോകുന്ന ഈ തൊഴില്‍ സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ ദുരിത കാലത്തും ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ബാലരാമപുരത്തെ പാക്കളങ്ങളും.

By Divya