Wed. Nov 6th, 2024

തൃശൂർ:

പഠിക്കാൻ മൊബൈൽ ഫോൺ ഇല്ലേ? മൊബൈൽ ലൈബ്രറിയിലേക്കു വരിക, മൊബൈൽ എടുത്തു മടങ്ങുക. മൊബൈൽ ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങാവാൻ മൊബൈൽ ലൈബ്രറി ആരംഭിച്ചിരിക്കുകയാണ് കുട്ടനെല്ലൂർ അച്യുതമേനോൻ ഗവ കോളജ്.

കഴിഞ്ഞ വർഷം, കോളജിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി ഫോണുകൾ വാങ്ങി നൽകുകയായിരുന്നു ചെയ്തത്. എന്നാൽ ഈ വർഷവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫോണുകൾ ആവശ്യമായി വന്നതോടെയാണ് മൊബൈൽ ലൈബ്രറി എന്ന ആശയം ഉടലെടുത്തത്.

ഫോൺ ആവശ്യമുള്ളവർക്കു രേഖാമൂലം എഴുതി നൽകി എടുത്ത് ഉപയോഗിക്കാം. മറ്റെവിടെ നിന്നെങ്കിലും പകരം ഫോൺ ലഭിക്കുന്നതു വരെയോ പഠന ആവശ്യങ്ങൾ കഴിയുന്നതു വരെയോ കൈവശം വയ്ക്കാം. അതുകഴിഞ്ഞ് തിരികെ ഏൽപിക്കണം.ഈ ഫോണുകൾ ആവശ്യമുള്ള മറ്റു വിദ്യാർത്ഥികൾ ഉപയോഗിക്കും.

കുറഞ്ഞ ചെലവിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുകയാണു ലക്ഷ്യം. പ്രിൻസിപ്പൽ പിവി അംബിക, ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെയും ദേശീയ അക്രഡിറ്റേഷൻ ഏജൻസിയുടെയും കോഓർഡിനേറ്റർമാർ, ഡിപ്പാർട്മെന്റ് പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സമിതിയാണ് ആശയത്തിനു പിന്നിൽ.

കോളജിലെ അധ്യാപകർ, പൂർവ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ ശ്രമഫലമായി ഇതിനോടകം അറുപതിലധികം ഫോണുകൾ ലൈബ്രറിയിലേക്കു ലഭിച്ചു. ഈ ദിവസങ്ങളിലും പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞു കൂടുതൽ പേർ ഫോണുകൾ നൽകുന്നുണ്ട്. വിതരണവും തുടങ്ങി കഴിഞ്ഞു.

ഓൺലൈ‍ൻ ആയി നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു ലൈബ്രറി ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

By Rathi N