Sat. Apr 27th, 2024
രാമനാട്ടുകര:

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് നോട്ടിസ്.

റമീസ്, സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക സാക്ഷിയാണ്. തെളിവില്ലാതാക്കി കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും എല്ലാ രഹസ്യങ്ങളും അറിയുന്ന ചിലർ സഭയിലുണ്ടെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. ‘പെരയ്ക്ക് മുകളിൽ വളരുന്ന കൊമ്പുകൾ മുറിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’ എന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

അതേസമയം, സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രമസമാധാന പ്രശ്നങ്ങളിൽ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തിനാണ് സമ്പൂർണ അധികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് ദിവസം മുന്‍പാണ് റമീസിന്റെ മരണം നടന്നത്. മൂന്നു നിരത്തു സ്വദേശിയാണ്. സന്ധ്യയോട് കൂടിയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറില്‍ റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായ റമീസ്. അപകടം നടന്ന സമയത്ത് ഓടിച്ചിരുന്ന ബൈക്ക് അര്‍ജുന്റെ ഉടമസ്ഥതയിലുള്ളതാണ്.

സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കൊപ്പം റമീസിനും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് റമീസിന് നോട്ടിസും നല്‍കിയിരുന്നു.