പത്തനാപുരം:
പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തില്‍ കൈവരിക്ക് മുകളില്‍ സുരക്ഷ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആറിന് കുറുകെ പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇടക്കടവ് പാലം. തിരക്കേറിയ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
കഴിഞ്ഞ ദിവസം മീനം സ്വദേശിയായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതാണ് അവസാന സംഭവം. മൂന്നു ദിവസത്തിനുശേഷം ഇളങ്ങമംഗലം കടവിലാണ് മൃതദേഹം കണ്ടത്. രണ്ടു മാസം മുമ്പ് ചെളിക്കുഴി സ്വദേശിയായ മധ്യവയസ്കനും പാലത്തില്‍നിന്ന് ചാടിയിരുന്നു.
രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. ഇവിടെനിന്ന് നൂറ് മീറ്റര്‍ സമീപത്തായാണ് തടയണയുള്ളത്. മിക്കപ്പോഴും മൃതദേഹങ്ങള്‍ തടയണയില്‍നിന്നാണ് ലഭിക്കുന്നത്.
ശബരി ബൈപാസിലെ പിടവൂര്‍ മുട്ടത്ത് കടവ് പാലത്തിൽ കൈവരിക്ക് മുകളില്‍ ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇടക്കടവ് പാലത്തിലും സമാനരീതിയിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം.