Mon. Dec 23rd, 2024
കൊല്ലം:

തീരം കവരാൻ എത്തുന്ന തിരയെ ‘കിണർ വളയത്തിലാക്കി’ ദുർബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയുമായി പരിസ്ഥിതി പ്രവർത്തകൻ, മറ്റു സംരക്ഷണ പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ റിങ് ആൻഡ് സാൻഡ് ഫീൽഡ് പദ്ധതിയാണ് ചവറ തട്ടാശേരി ദേവി വിഹാറിൽ വി കെ മധുസൂദനൻ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പദ്ധതി രൂപരേഖ സമർപ്പിച്ചു.

തിരകളുടെ ഊർജം കടലിൽ വച്ചു തന്നെ കുറയ്ക്കാനുള്ള പദ്ധതിയാണിത്. തീരത്തുനിന്ന് 50 മുതൽ 100 മീറ്റർ വരെ അകലെ 5–8 മീറ്റർ വരെ ആഴമുള്ള ഭാഗത്ത്, കിണർ നിർമാണത്തിനു ഉപയോഗിക്കുന്നതു പോലുള്ള കോൺക്രീറ്റ് റിങ്ങുകളിൽ കടൽ മണൽ നിറച്ചാണ് ‘റിങ് ആൻഡ് സാൻഡ് ഫീൽഡ്’ നിർമിക്കുന്നത്. 1.5– 2.5 മീറ്റർ വ്യാസവും മൂന്നര മുതൽ 5 മീറ്റർ വരെ ഉയരവുമാണ് റിങ്ങിന്. റിങ്ങുകൾ ചോർപ്പ് കമഴ്ത്തി വച്ച രീതിയിൽ ആണു നിർമിക്കുന്നത്.

കുത്തനെയാണ് റിങ് സ്ഥാപിക്കുന്നത്. മുൻപിലും പിന്നിലും ഒന്നിടവിട്ട് 10 മീറ്റർ അകലത്തിൽ രണ്ടു വരിയിലാണ് സബ്മെർജ്ഡ് ഫീൽഡുകൾ സ്ഥാപിക്കുന്നത്. ജലനിരപ്പിൽ നിന്ന് രണ്ടര മീറ്റർ താഴെ നിൽക്കും വിധം വിന്യസിക്കും.

ശക്തമായ തിരയുള്ള ഇടങ്ങളിലും ആഴക്കൂടുതൽ ഉള്ള ഇടങ്ങളിലും മൂന്നോ നാലോ വരികളുണ്ടാകും. ഉയരം കുറഞ്ഞവ ഒരു വരി മുൻപിലും കൂടിയവ 15 – 25 മീറ്റർ പിന്നിലും അമ്പിന്റെ ആകൃതിയിൽ സ്ഥാപിക്കും മുന്നിലെ 2 റിങ്ങുകൾ കടന്നു വരുന്ന തിരകൾ അവയ്ക്ക് മധ്യത്തിലായി പിന്നിൽ സ്ഥാപിച്ച റിങ്ങിൽ തട്ടി ചിതറി മുകളിലേക്കും വശങ്ങളിലേക്കും പോകത്തക്ക വിധമാണു വിന്യസിക്കുന്നത്.

സൂനാമിയിൽ കടൽ ഉൾവലിഞ്ഞപ്പോൾ ആലപ്പാട് പഞ്ചായത്തിന്റെ തീരക്കടലിൽ പഴയ ചില കിണറുകൾ കേടുപാടുകൾ സംഭവിക്കാതെ നിലനിന്നിരുന്നു. അതിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇരവിപുരം തെക്കുംഭാഗത്തും തീരം കവർന്ന സ്ഥലങ്ങളിൽ കേടുപാടു കൂടാതെ പഴയ കിണർ തെളിഞ്ഞിട്ടുണ്ട്.

By Divya