Mon. Dec 23rd, 2024
മലപ്പുറം:

മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ സെക്രട്ടറി വി കെ ഹരികുമാര്‍ പ്രതികരിച്ചു. സെക്രട്ടറിയായി തന്നെ ശുപാര്‍ശ ചെയ്തത് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. സഹകരണ ചട്ടം അനുസരിച്ചാണ് ശുപാര്‍ശ നല്‍കിയത്. നാല്‍പത് വര്‍ഷത്തെ പരിചയ സമ്പന്നത പരിഗണിച്ചായിരുന്നു നിയമനം.

എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പണം കള്ളപ്പണമല്ലെന്നും ഹരികുമാര്‍. പണം എന്‍ആര്‍ഐ അക്കൗണ്ട് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഉയരുന്ന പരാതികള്‍ രാഷ്ട്രീയപ്രേരിതമെന്നും അദ്ദേഹം ആരോപിച്ചു.

2016ല്‍ ബാങ്കില്‍ നിന്ന് ധനാപഹരണം നടത്തി പുറത്താക്കപ്പെട്ട എ പി മുഹമ്മദ് ബഷീറും 2012ല്‍ പുകയൂര്‍ ശാഖയില്‍ രണ്ടര കോടിയുടെ മുക്ക് പണ്ടങ്ങള്‍ പണയം വച്ച പ്രസാദ് എന്നയാളും ചേര്‍ന്നുള്ള രാഷ്ട്രീയ പകപോക്കലാണിതെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പിനെയും സഹകരണ വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്നത് മുന്‍ ജീവനക്കാര്‍ കൂടിയായ ഇവരാണെന്നും ഹരികുമാര്‍.സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്. എന്നാല്‍ തട്ടിപ്പും ക്രമക്കേടും നടക്കുന്ന കാലഘട്ടത്തിലെല്ലാം ബാങ്കില്‍ സെക്രട്ടറിയായിരുന്നത് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിന്റെ അടുത്ത ബന്ധുവാണ് വി കെ ഹരികുമാറാണ്.
ജില്ലയിലെ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ റെയ്ഡില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ഞൂറ് കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് കണ്‍കറന്റ് ഓഡിററര്‍ ഡി ബിന്ദുവിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നല്‍കിയത്.

ക്രമക്കേടിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് ബാങ്ക് സെക്രട്ടറി അടക്കമുള്ളവര്‍ കയര്‍ക്കുന്ന സാഹചര്യമുണ്ടായത്. ഭീഷണിപ്പെടുത്തല്‍ കൂടി ഉണ്ടായതോടെയാണ് തിരൂരങ്ങാടി പൊലീസില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന പരാതി നല്‍കുന്നത്. ഓഡിറ്റിനിടെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതിക്കാരിക്ക് നേരെ ഹരികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കയറിയതിനും ഒദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്.