Sat. Nov 16th, 2024
തിരുവനന്തപുരം:

കൊലപാതകമോ മോഷണമോ എന്ത്‌ തന്നെയായാലും പ്രതിയെ മണത്ത്‌ കണ്ടുപിടിക്കാൻ ജെറിയുണ്ട്‌. ഒന്നല്ല, മൂന്ന്‌ കൊലപാതകക്കേസാണ്‌ ജെറി ഇതിനോടകം തെളിയിച്ചത്‌. ഇപ്പോൾ പൊലീസ്‌ സേനയുടെ സ്നേഹാദരവും ജെറിയെ തേടിയെത്തി.

കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കുന്നതിന് പൊലീസിനെ സഹായിച്ച ജെറിയെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി അഭിനന്ദിച്ചിരുന്നു. തുടർന്ന്‌ ട്രാക്കർ നായ ജെറിയെ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പൊലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ്‌ ആദരിച്ചത്‌. സംസ്ഥാന പൊലീസ് മേധാവി ഡിജിപിയുടെ കമന്റേഷൻ മെഡൽ ജെറിയെ അണിയിച്ചു.

പൊലീസ് നായയുടെ ഹാൻഡ്‌ലർമാരായ വി എസ് വിഷ്ണു ശങ്കർ, എം വി അനൂപ് എന്നിവർക്ക് എഡിജിപി മനോജ് എബ്രഹാം ക്യാഷ് അവാർഡ് സമ്മാനിച്ചു. ബറ്റാലിയൻ ഡിഐജി പി പ്രകാശും ചടങ്ങിൽ സംസാരിച്ചു.

ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട ജെറി 2016ലാണ് തിരുവനന്തപുരം റൂറൽ പൊലീസിന്റെ ഭാഗമായത്. അഞ്ചുവർഷത്തെ സേവനത്തിനിടെ പാലോട്‌ കൃഷ്‌ണനാശാരി കൊലക്കേസ്‌, കിളിമാനൂരിലെ കൊലക്കേസ്‌ തുടങ്ങി നിരവധി കേസുകൾ തെളിയിക്കാൻ സഹായിച്ചു. മികച്ച ട്രാക്കർ ഡോഗിനുളള മെഡൽ ലഭിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ സബ്ഡിവിഷനിലെ വെഞ്ഞാറമൂട് പൊലീസ് ക്വാർട്ടേഴ്സിലാണ്‌ ജെറിയുടെ താമസം.

By Divya