Wed. Nov 6th, 2024
കൊല്ലം

എംഎ, ബിഎഡ്, എംഫിൽ, പിഎച്ച്ഡി ഇത്രയൊക്കെ വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും ഡോ വി ശൈലേഷിന് വരുമാനമാർഗമായത് ചകിരിയും സ്വന്തം ഡ്രൈവിങ് ലൈസൻസുമാണ്. ഓച്ചിറ കൊറ്റംപള്ളി നവോദയ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രധാനപ്രവർത്തകരിൽ ഒരാളായ ശൈലേഷ് കോളജ് ഗെസ്റ്റ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് ഇപ്പോൾ സംഘത്തിനു വേണ്ടി തൊഴിലാളികളുടെ വീട്ടിൽ ചകിരി എത്തിക്കുന്നത്.

‘മധ്യവർഗ സ്ത്രീയുടെ മാറുന്ന മുഖം– ഉഷാപ്രിയംവദയുടെ നോവലുകളി‍ൽ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ശൈലേഷ്, നൂറോളം സ്ത്രീകൾക്കു ജോലി നൽകുന്ന ഒരു പ്രസ്ഥാനം സ്വന്തം നാട്ടിൽ ആരംഭിച്ച് സാധാരണക്കാരായ വീട്ടമ്മമാരുടെ ‘മാറുന്ന മുഖ’ത്തിന് കാരണമായി. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കയർ സംഘമായി 2019–20 സാമ്പത്തിക വർഷത്തിൽ നവോദയയെ സർക്കാർ തിരഞ്ഞെടുത്തിരുന്നു.

കയർ വ്യവസായത്തിന് കാര്യമായ വളർച്ച ഇല്ലാതിരുന്ന ഓച്ചിറ, തഴവ പഞ്ചായത്തുകളിൽ, ചകിരി ഉൽപാദനവും കയർ നിർമാണവും വ്യാപകമാക്കിയതിൽ ഓച്ചിറ കൊറ്റംപള്ളി ഇരുപ്പയ്ക്കൽ ശൈലേഷിന്റെ‌ അധ്വാനവും ദീർഘവീക്ഷണവുമുണ്ട്. ഇവിടുത്തെ നവോദയ ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്നു ശൈലേഷ്.

നെഹ്റു യുവകേന്ദ്രയും കയർ ഫെഡിന്റെയും നേതൃത്വത്തിൽ നടന്നിരുന്ന സ്വയം തൊഴിൽ പരിശീലന ക്ലാസുകളിലെ അധ്യാപകനായി പോയിരുന്നു. കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിനെക്കാൾ പ്രാവർത്തികമാക്കുന്നതിലായിരുന്നു ശൈലേഷിന് താൽപര്യം. പിഎച്ച്ഡിയുടെ തീസിസ് തയാറാക്കുന്നതിന് ഒപ്പമാണ്, നാട്ടിൽ താൻ പരിശീലനം നൽകിയ സ്ത്രീകളെ സംഘടിപ്പിച്ച് 2015 ൽ സഹകരണസംഘം രൂപീകരിക്കുന്നത്. ശൈലേഷിന്റെ വീടിനു മുന്നിലുള്ള ഷെഡാണ് പ്രധാന കയർ നിർമാണ യൂണിറ്റ്.

ഇവിടെ ആധുനിക യന്ത്ര സൗകര്യങ്ങളോടെ പതിനഞ്ചോളം പേർ ജോലി ചെയ്യുന്നു. സംഘത്തിനു കീഴിൽ എൺപതോളം പേർ വീടുകളിലിരുന്നും കയർ നിർമിക്കുന്നു. പിഎച്ച്ഡി നേടി പല കോളജുകളിലും ഗെസ്റ്റ് അധ്യാപകനായി ജോലി ചെയ്തെങ്കിലും ശമ്പളം ലഭിക്കുന്നതിലുള്ള കാലതാമസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം ജോലി വേണ്ടെന്നു വച്ചു.

സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായ ശൈലേഷ് ഒരു പിക്ക്അപ് വാൻ വാങ്ങി, സംഘത്തിന്റെ കീഴിലുള്ള തൊഴിലാളികൾക്കു ചകിരി എത്തിക്കുകയും തിരിച്ച് കയർ കൊണ്ടുവരികയും ചെയ്തു തുടങ്ങി. ഒരു കെട്ട് ചകിരിക്ക് 30 രൂപയും ഒരു ബണ്ടിൽ കയറിന് മൂന്നു രൂപയും ഇങ്ങനെ വരുമാനം ലഭിക്കും.

അച്ഛൻ മുൻ സൈനികനായ വിശ്വനാഥപ്പണിക്കർ, അമ്മ തങ്കമണി, സംഘത്തിന്റെ സെക്രട്ടറി കൂടിയായ ഭാര്യ ആതിരമോഹൻ എന്നിവരുടെയെല്ലാം പൂർണ പിന്തുണ ശൈലേഷിനുണ്ട്. അധ്യാപകനാകണമെന്ന മോഹം ഉപേക്ഷിച്ചിട്ടില്ലാത്ത ശൈലേഷ് അതിനുവേണ്ടിയുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഹിന്ദി ഡിഗ്രിയുള്ള കോളജുകൾ വളരെക്കുറവായതും സെക്കൻഡ് ലാംഗ്വേജ് ആയി ഉള്ള കോളജുകളിൽ, വർക്കിങ് സമയം കുറവാണെന്ന പേരിൽ പുതിയ നിയമനം സർക്കാർ അംഗീകരിക്കാത്തതുമാണ് ജോലി ലഭിക്കാൻ തടസ്സമാകുന്നത്.

മികച്ച സാമൂഹിക പ്രവർത്തകനുള്ള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജില്ലാതല പുരസ്കാരവും മുൻപ് ശൈലേഷിന് ലഭിച്ചിട്ടുണ്ട്.

By Divya