Sat. Nov 23rd, 2024

മാന്നാർ:

പൊതുവിജ്ഞാനത്തിൽ മികവു പുലർത്തി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ  ഇടം നേടി രണ്ടര വയസ്സുകാരി.മാന്നാർ  കുരട്ടിശേരി ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന ദമ്പതികളുടെ ഏക മകൾ സൈന ഷഫീർ ആണ് ആ കൊച്ചുമിടുക്കി. ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയാണ് പൊതു വിജ്ഞാനത്തിൽ  മികവു കാട്ടിയത്.

കേരളത്തിലെ 14 ജില്ലകളെക്കുറിച്ചുള്ള അറിവ്, ദേശീയഗാന ആലാപനം, കാർട്ടൂൺ കഥാപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ തുടങ്ങിയ വിഷയങ്ങളാണ്  യോഗ്യത റൗണ്ടിൽ സൈനയ്ക്കു അഭിമുഖീകരിക്കേണ്ടി വന്നത്‌.  അതിനെല്ലാം സമർഥമായി  മറുപടി നൽകിയാണ് റിക്കാർഡ് സ്വന്തമാക്കിയത്. 

സൈനയുടെ കഴിവിനെ തിരിച്ചറിഞ്ഞ എംബിഎ ബിരുദധാരിയായ മാതാവ് ഹസീന ഓരോ ദിവസവും പറഞ്ഞു കൊടുക്കുന്ന അറിവുകൾ വളരെ വേഗം  മനസ്സിലാക്കിയാണ് രണ്ടര വയസ്സുകാരി ഉത്തരങ്ങൾ നൽകുന്നത്. പിതാവ് ഷഫീർ  ദുബായിയിലാണു ജോലി ചെയ്യുന്നത്.

By Rathi N