Fri. Nov 22nd, 2024

വെങ്കിടങ്ങ്:

പരമ്പരാഗത കാർഷിക ആചാരങ്ങളെ തിരികെപ്പിടിക്കുന്നതിന്റെ ഭാഗമായി പഴമയുടെ തനിമ നിലനിർത്തി വടക്കേ കോഞ്ചിറ കോൾപ്പടവിൽ ‘പൊഴുതുമാട്ടം’ നടന്നു. ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീ കാർത്യായനി ക്ഷേത്രത്തിലും കോഞ്ചിറ മുത്തിയുടെ തീർഥകേന്ദ്രത്തിലും പ്രാർഥന നടത്തി കാണിക്ക സമർപ്പിച്ചാണ് പടവു കമ്മിറ്റി ഭാരവാഹികൾ പൊഴുതുമാട്ടത്തിനെത്തിയത്.

മുളംകുറ്റികളിൽ ചന്ദനം ചാർത്തി മാലയിട്ടും മെടഞ്ഞുണക്കിയ തെങ്ങോലകളുമായാണ് കർഷകത്തൊഴിലാളികൾ വഞ്ചിയിൽ അതിരാവിലെ പടവിലേക്ക് പുറപ്പെട്ടത്.വടക്കേ കോഞ്ചിറ കോൾപ്പടവിൽ നടന്ന പൊഴുതുമാട്ടം പടവു കമ്മിറ്റി പ്രസിഡന്റ് ടി വി ഹരിദാസൻ  ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി എ ആർ രവീന്ദ്രൻ അധ്യക്ഷനായി. കോൾപ്പടവ് കമ്മിറ്റി ഭാരവാഹികളായ കെ എച്ച് നജീബ്, ബിജോയ് പെരുമാട്ടിൽ, ഹാരീസ് ഹാജി, ഹരി മഞ്ചറമ്പത്ത് എന്നിവർ സംസാരിച്ചു.പടവിലെ വീഴ്ചയുള്ള ഭാഗത്ത് മുളംകുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറകെട്ടിയശേഷമാണ് കൃഷിപ്പണികൾ ആരംഭിക്കുക.

പൊഴുതു മാട്ടത്തെ തുടർന്ന് എൻജിൻപുരയിൽ പെട്ടിയും പറയും സ്ഥാപിച്ച് പടവിലെ വെള്ളം വറ്റിക്കലിന്‌ അടുത്ത ദിവസം തുടക്കംകുറിക്കും. പിന്നീട് കളകൾ നീക്കി, യന്ത്രസഹായത്തോടെ നിലം പൂട്ടി, നിരത്തി, ഞാറ്റടി തയ്യാറാക്കി നടീൽ തുടങ്ങും. 310 ഏക്കർ വിസ്തൃതിയുള്ള പടവിൽ ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.

By Rathi N