Fri. Nov 22nd, 2024

പാലക്കാട്:

രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചതു ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മുൻ എംഎൽഎ വിടി ബൽറാം, കെപിസിസി അംഗം പാളയം പ്രദീപ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 6 പേർക്കെതിരെയാണു കേസ്.

ആക്രമണത്തിൽ പരുക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.കൊവിഡ് മാനദണ്ഡം ലംഘിച്ചതു ചോദ്യം ചെയ്ത തന്നെ എംപിയുടെ കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് ആക്രമിച്ചെന്നും ബലം പ്രയോഗിച്ചു ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കാൻ ശ്രമിച്ചെന്നും യുവാവ് പരാതിയിൽ പറയുന്നു. പരുക്കേൽക്കും വിധത്തിലുള്ള കയ്യേറ്റം, ആക്രമണം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്.

അതേസമയം, യുവാവിന്റെ കൈ തന്റെ ദേഹത്തു തട്ടിയെന്നു രമ്യ ഹരിദാസ് എംപി ആരോപണമുന്നയിച്ചെങ്കിലും ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്നു കസബ ഇൻസ്പെക്ടർ എൻഎസ് രാജീവ് അറിയിച്ചു. യുവാവിന്റെ പരാതിയിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. നേരത്തെ ഭക്ഷണശാലയ്ക്കെതിരെ കേസെടുത്ത പൊലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ഉടമയ്ക്കു പിഴ ചുമത്തി.

നടപടികളുടെ പശ്ചാത്തലത്തിൽ ഇന്നലെ ഹോട്ടൽ തുറന്നില്ല. മരുതറോഡ് പഞ്ചായത്ത് ഹോട്ടലിനു വിശദീകരണ നോട്ടിസ് നൽകി. ആരോഗ്യവകുപ്പും പൊലീസുമായി കൂടിയാലോചിച്ചു തുടർനടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് അധ്യക്ഷൻ പി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

By Rathi N