വണ്ടൻമേട്:
സാമൂഹിക മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി മെഡിക്കൽ ഓഫീസറും പഞ്ചായത്തും. ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ അനുഷ ചികിത്സ നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ചക്കുപള്ളം സ്വദേശി ധനേഷ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്.
ഇയാൾക്കെതിരെ മെഡിക്കൽ ഓഫീസർ കുമളി പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. ഞായറാഴ്‌ച രാവിലെ അച്ഛനൊപ്പം മരുന്നുവാങ്ങാൻ എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയതായും മരുന്ന് നൽകാതിരിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് ധനേഷിന്റെ പോസ്റ്റ്.
എന്നാൽ, ഞായറാഴ്ച കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി അവധിയാണ്. വാക്സിനേഷൻ ക്യാമ്പിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഇവർ എത്തിയതെന്നും ഫാർമസി ഇല്ലാത്തതിനാൽ മരുന്നിന് കുറിച്ച് കൊടുക്കുകയും അടുത്തദിവസം ആശുപത്രിയിൽ എത്താൻ നിർദേശിക്കുകയും ചെയ്തതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.
പതിനഞ്ചാം വാർഡിലെ ആശാ പ്രവർത്തകയുടെ നിർദേശപ്രകാരമാണ് ഇവർ ആശുപത്രിയിൽ എത്തിയത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനപ്രകാരം ആശാപ്രവർത്തകരെ വിവിധ വാർഡുകളിൽ പുനർവിന്യസിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോക്ടർക്കും പഞ്ചായത്തിനും എതിരെ ഇവർ ഗൂഢനീക്കം നടത്തുകയും ഇതിന്റെ തുടർച്ചയാണ് വ്യാജപ്രചാരണത്തിന് കളമൊരുക്കിയതെന്ന് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി ടി മാത്യു, വാർഡംഗം വത്സമ്മ ജയപ്രകാശ് എന്നിവർ പറഞ്ഞു.
വേറെ വാർഡിലേക്ക് നിയമിച്ച ശേഷം ഈ ആശാവർക്കർ പലതവണ അപമര്യാദയായി പെരുമാറിയതായും ഇതിന്റെ തുടർച്ചയായാണ് ഗർഭിണിയായ തനിക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിവരുന്നതെന്നും മെഡിക്കൽ ഓഫീസർ ഡോ ആർ അനുഷ പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.