Fri. Nov 22nd, 2024

കാലടി:

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസുകൾ കാണാതായതു സംബന്ധിച്ചു വിവാദം പുകയുന്നതിനിടെ അവ കണ്ടുകിട്ടി. സർവകലാശാല മുഖ്യ കേന്ദ്രത്തിലെ പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാറുടെ ഓഫിസിനു സമീപമുള്ള കാബിനിലെ അലമാരയിൽ നിന്നാണ് ഇവ കിട്ടിയത്. എംഎ സംസ്കൃത സാഹിത്യ ബിരുദാനന്തര ബിരുദ പരീക്ഷയുടെ 62 വിദ്യാർത്ഥികളുടെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്. 

അതേസമയം ഉത്തരക്കടലാസുകൾ തിരികെ കിട്ടിയത് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസുള്ളതിനാൽ പൊലീസെത്തി പരിശോധന നടത്തണമെന്നു വൈസ് ചാൻസലർ ഡോ ധർമരാജ് അടാട്ട് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള അന്വേഷണമായിരിക്കും നടത്തുന്നത്.

ഉത്തരക്കടലാസുകൾ കണ്ട അലമാര പൂട്ടി സീൽ‍ ചെയ്തിരിക്കുകയാണ്. ഉത്തരക്കടലാസുകൾ കാണാതായതിനെ തുടർന്നു മൂല്യനിർണയ കമ്മിറ്റി ചെയർമാൻ ഡോകെഎം സംഗമേശനെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. സർവകലാശാല നൽകിയ പരാതിയിൽ പൊലീസ് മോഷണക്കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്.

അകാരണമായി പിരിച്ചു വിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്നും ഉത്തരക്കടലാസ് കാണാതായതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഇന്നലെ അനിശ്ചിത കാല റിലേ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് സംസ്കൃത സാഹിത്യം ബിരുദാനന്തര ബിരുദ പരീക്ഷകൾ നടന്നത്.

ലോക് ഡൗണിനു ശേഷം സർവകലാശാല പ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ കാണാനില്ലെന്നു വകുപ്പ് മേധാവി സർവകലാശാലയെ അറിയിക്കുന്നത്. ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി വകുപ്പ് മേധാവിക്കു കൈമാറിയിരുന്നുവെന്നു മൂല്യനിർണയ കമ്മിറ്റി ചെയർമാൻ വ്യക്തമാക്കിയിരുന്നു. പരീക്ഷ വീണ്ടും എഴുതാൻ തയാറല്ലെന്നു സംസ്കൃത സാഹിത്യം വിദ്യാർത്ഥികൾ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

By Rathi N