Fri. Nov 22nd, 2024

മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ നൽകി നിരവധി ആളുകളുടെ മാനത്തിനും ജീവനും ഭീഷണിയാവുന്ന മാധ്യമപ്രവർത്തനത്തിനും മാധ്യമപ്രവർത്തകർക്കുമെതിരെ ഒരു കൂട്ടായ്മ. കോഴിക്കോട് മുൻ കലക്ടർ ആയിരുന്ന എൻ പ്രശാന്താണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. നല്ല മാധ്യമപ്രവർത്തകർ ഇത് വായിച്ച് ബേജാറാവണ്ട എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് :-

നല്ല മാധ്യമ പ്രവർത്തകരുണ്ട്. അവരിത് വായിച്ച് ബേജാറാവണ്ട.
ക്വാറിക്കാർക്കും രാഷ്ട്രീയക്കാർക്കും വേണ്ടി സത്യസന്ധരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജമായ വാർത്തകൾ അടിച്ചിറക്കിയ ശേഷം മുതലാളിമാരിൽ നിന്ന് വേണ്ട പ്രതിഫലം പറ്റുന്ന ജീർണ്ണലിസ്റ്റുകളെ ഞാൻ കണ്ടിട്ടുണ്ട്. ഇവരെ പേടിച്ച്‌ ജീവിക്കുന്ന ഉദ്യോഗസ്ഥരെയും. തീർത്തും നിരുത്തരവാദപരമായ വാർത്ത അച്ചടിച്ച് സാധാരണക്കാരെ അപമാനിക്കുന്നവരുണ്ട്.

ഇവർ ചോദിക്കാനും പറയാനും ആളില്ല എന്ന് തോന്നുന്നവരുടെ മാനം പൊതുജന മധ്യത്തിൽ പിച്ചിച്ചീന്തുന്നു. ശക്തി കുറഞ്ഞ മൃഗങ്ങളെയും മൃതപ്രായരായവരെയും കാത്തിരുന്ന് അക്രമിക്കുന്ന ശവംതീനികളാണ് (scavengers) ഇതിലും ഭേദം. ടി ആർ പി അല്ലെങ്കിൽ ബിസിനസ്സ്/രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സ്വന്തം തൊഴിലിനെ വിൽപനച്ചരക്കാക്കി നിരപരാധികളായ പലരുടെയും ജീവിതം തീർത്തും നശിപ്പിക്കുന്നത് മാധ്യമ പ്രവർത്തനമാണോ?

ബിസിനസ്സ് സംരംഭം തകർക്കാൻ അവരുടെ എതിരാളിയിൽ നിന്ന് അച്ചാരം വാങ്ങി പലവിധ paid news പടച്ച് വിടുന്ന നിരവധി കേസുകളുണ്ട്. വ്യക്തി വിരോധം തീർക്കാൻ മാധ്യമ പ്രവർത്തകന്റെ വേഷം ഉപയോഗിക്കുന്നത് ഇന്ന് സാധാരണയായിട്ടുണ്ട്.
Spit and run അഥവാ തുപ്പിയിട്ട ശേഷം ഓടുക എന്നതാണ് മിക്കവരുടെയും രീതി. കോടതിയോടും വക്കീലന്മാരോടും നിയമ വ്യവസ്ഥയോടും ഇവർക്ക് പൊതുവിൽ പുച്ഛമാണ്.

ഇത്തരം മാധ്യമ വേട്ടയാടൽ കാരണം ആത്മഹത്യ ചെയ്തവരും, ആത്മഹത്യയുടെ വക്കത്തെത്തിയവരും, മാനസിക വിഭ്രാന്തിയിലേക്ക് തള്ളപ്പെട്ടവരും ഉണ്ട്. തകർന്ന കുടുംബങ്ങളും ഉണ്ട്‌. അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവരുണ്ട്‌. ഏതെങ്കിലും മാധ്യമം ഇത്‌ റിപ്പോർട്ട്‌ ചെയ്ത്‌ കണ്ടിട്ടുണ്ടോ? കാണില്ല. നമ്മുടെ ചുറ്റിലും എത്രയോ അഭിനവ ചെറുചാരക്കേസുകളും അതിലേറെ മലീമസമായ മാധ്യമ പ്രവർത്തനവും നടക്കുന്നുണ്ട്. നമുക്ക്‌ അപകടം സംഭവിക്കാത്തത്‌ വരെ, അങ്ങനൊന്നില്ല എന്ന് കരുതി ജീവിക്കുകയാണ്‌ നമ്മളെല്ലാരും.

ഇതിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമ്പോഴാണ് ഇത്രയധികം മാധ്യമ ഇരകൾ പ്രബുദ്ധ കേരളത്തിൽ ഉണ്ടെന്ന് അറിയുന്നത്. പുഴുത്ത്‌ ചീഞ്ഞ കാര്യങ്ങളാണ്‌ പലതും എന്ന് ഞാനറിഞ്ഞത് ഒരു മാധ്യമ സ്ഥാപനം എനിക്കെതിരെ മാനഹാനിയുണ്ടാക്കും വിധം വാർത്ത കൊടുത്ത് അതിലെന്റെ സ്വകാര്യ ഫോൺ നമ്പറും ഈമെയിൽ ഐഡിയും അച്ചടിച്ചപ്പോഴാണ്. എന്റെ സ്വകാര്യത നശിപ്പിക്കാൻ നിയമ വിരുദ്ധമായി അവർ ചെയ്ത അതിബുദ്ധി കാരണമാണ് സാധാരണക്കാർ ഇവരെക്കൊണ്ട് ഇത്രയേറെ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഞാനറിഞ്ഞത്.അത്രയധികം പേരാണ്‌ ഈ വിഷയം പറയാൻ എന്നെ ബന്ധപ്പെട്ടത്‌.

ഒരു ഗോഡ് ഫാദറുമില്ലാതെ സാധാരണ middle class കുടുംബത്തിൽ ജനിച്ച് വളർന്ന് IAS ൽ വന്ന എന്നോട് കാണിക്കുന്ന പെരുമാറ്റവും സിവിൽ സർവ്വീസിലെ പ്രബലന്മാരായ അഴിമതി വീരന്മാരോട് കാണിക്കുന്ന മാധ്യമ വിധേയത്വവും ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, എന്നെക്കാൾ ഇവരുടെ പീഢനം അനുഭവിക്കുന്ന ഒട്ടനവധിപ്പേരുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പണം വാങ്ങി, ചിലരുടെ വാർത്തകൾ മുക്കുകയും ഗതികേട് കൊണ്ട് അച്ചടിക്കേണ്ടി വരുമ്പോൾ ‘പ്രമുഖൻ’ എന്നെഴുതുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പാവപ്പെട്ടവനെയും, തിരിച്ച് ഒന്നും ചെയ്യാൻ കെൽപ്പില്ലെന്ന് തോന്നുന്നവനെയും പരമാവധി എഴുതി നശിപ്പിക്കാൻ എന്താണ് കാരണം?

സിമ്പിൾ. “നീയൊന്നും ഒന്നുമല്ല, ഞങ്ങളെ തൊടാൻ നീയൊന്നും വളർന്നിട്ടില്ല” എന്ന അഹംഭാവം. രാഷ്ട്രീയക്കാരുമായുള്ള “നീര റാഡിയ മോഡൽ” ലോബിയിംഗ് ബന്ധം ഇവർക്ക് ഇല്ലാത്ത ശക്തി ഉള്ള പോലെ തോന്നിക്കും. എന്തുമാവാം എന്ന ധാർഷ്ട്യം.
എന്നാലൊരു മുൻകാല വക്കീലെന്ന നിലയിൽ പറയട്ടെ, ശക്തമായ പ്രതിവിധികൾ നിയമത്തിലുണ്ട്. അതെങ്ങനെ ചെയ്യണം എന്നറിയാത്തത് കൊണ്ടോ, വലിയ ചെലവേറിയ പരിപാടി ആണെന്ന ധാരണ കൊണ്ടോ, ഈ മാധ്യമ പ്രവർത്തകർ തുടർന്നും ഉപദ്രവിക്കുമോ എന്ന ഭയം കൊണ്ടോ ഒക്കെയാണ് ആരും ഇതിന് മുതിരാത്തത്.

മാന്യമായ ജീവിതം നയിക്കുന്ന പലരും മാധ്യമ ഗുണ്ടകളുടെ അക്രമം കണ്ട് ഭയചകിതരായി ഉൾവലിഞ്ഞ് പോകാറാണ് പതിവ്. സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയും കൊട്ടേഷൻ സംഘങ്ങളെയും ആർക്കാണ് ഭയമില്ലാത്തത്? ഞാനുൾപ്പെടെയുള്ളവർ പലപ്പോഴും “ങാ.. ഏതായാലും കഴിഞ്ഞില്ലേ .. നമുക്ക് വേറെ നൂറ് നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്” എന്ന ഒരു ‘വിശാല ഹൃദയവും’ പലപ്പോഴും എടുത്തിട്ടുണ്ട്. ശുദ്ധ ഔദാര്യം.

ഇരകൾ ഒരു കാര്യം മാത്രം മനസ്സിലാക്കുക – നിങ്ങൾക്ക് മാനഹാനി വരുത്തുന്ന വിധത്തിൽ ഒരു വാർത്ത അച്ചടിച്ചു/telecast ചെയ്ത്‌ കഴിയുന്ന നിമിഷം മുതൽ ആ മാധ്യമ സ്ഥാപനവും മാധ്യമപ്രവർത്തകനും കുറ്റവാളികളായി കഴിഞ്ഞു. ഇനി ഭയപ്പെടേണ്ടത് അവരാണ്.

നിങ്ങളല്ല. നിയമപരമായി കൃത്യമായി നീങ്ങിയാൽ തടവും പിഴയും മാത്രമല്ല, ഭീമമായ നഷ്ടപരിഹാരവും തരാൻ അവർ ബാധ്യസ്ഥരാണ്. നിയമ പരിജ്ഞാനം ലവലേശം ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ അടിച്ചു വിടുന്നത് എന്നും മനസ്സിലാക്കുക. പൂർണമായ തെളിവ് സഹിതം കൊലപാതകം നടത്തുന്നത് പോലെയാണ് ഇവരുടെ വാർത്താറിപ്പോർട്ടുകൾ.

വക്കീലിനും കോടതിക്കും വലിയ പണിയൊന്നും ചെയ്യേണ്ടതായിട്ടില്ല – വാർത്ത ഒന്ന് വായിച്ചാൽ മതി! ഒന്നോ രണ്ടോ നല്ല കേസ് വന്നാൽ മാധ്യമസ്ഥാപനം തന്നെ പൂട്ടി പോകാനും മതി. മിക്ക മാധ്യമ സ്ഥാപനങ്ങളും ഊതി പെരുപ്പിച്ച ബലൂൺ മാത്രമാണ് എന്നത് ഇരകൾക്ക് അറിയില്ല. നിങ്ങളിൽ പലരുടെയും ഔദാര്യത്തിലാണ് അവരുടെ നിലനിൽപ്പ് പോലും.

ഇത്തരം കേസുകളിൽ സിവിൽ ആയും ക്രിമിനൽ ആയും നിയമനടപടി എടുക്കാൻ സാധിക്കും. ക്രിമിനൽ കേസ് നടത്താൻ വലിയ ചെലവൊന്നുമില്ല എന്ന് ആദ്യം മനസ്സിലാക്കുക. നല്ല ക്ലിയർ കേസിൽ തടവും പിഴയും ഉറപ്പായും വാങ്ങി കൊടുക്കാൻ സാധിക്കും. സിവിൽ കേസ് നടത്തുന്നത് ഒരുതരം ഇൻവെസ്റ്റ്മെൻറ് ആയി കണ്ടാലും നന്നായിരിക്കും.

100% അനുകൂല വിധി കിട്ടാവുന്ന കേസുകളിൽ പോലും ആരും കേസ് കൊടുക്കാറില്ല എന്നത് എന്ത് മണ്ടത്തരമാണ്! 10% മാത്രം കോർട്ട് ഫീസ് ഇനത്തിൽ മുടക്കിയാൽ ഭീമമായ റിട്ടേൺസ് കിട്ടുന്ന ഒരു ഇൻവെസ്റ്റ്മെൻറ് ആയി അതിനെ പുനർവിചിന്തനം ചെയ്താൽസിവിൽ കേസിന് മുടക്കുന്ന തുക ഒന്നുമല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും. നിങ്ങൾ വിചാരിക്കുന്ന പോലെ അത്രക്ക്‌ കാലതാമസവും ഒന്നുമില്ല. ഒരു നല്ല വക്കീലിനെ കേസ്‌ ഏൽപ്പിച്ച്‌ ക്ഷമയോടെ നമ്മുടെ നിത്യജീവിതവുമായി മുൻപോട്ട്‌ പോയാൽ മതി.

ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു നല്ല വാർത്ത. ഒരു മാധ്യമത്തിലും ഈ വാർത്തവരാൻ സാധ്യത ഇല്ല .

വേട്ടയാടപ്പെട്ട ‘മാധ്യമ ഇരകൾക്ക്’ സമചിത്തത വീണ്ടെടുക്കാൻ വേണ്ട സന്ദർഭത്തിൽ കൗൺസലിംഗും, കേസ് നടത്താൻ വേണ്ട നിയമോപദേശവും മറ്റും സൗജന്യമായി നൽകാൻ പ്രഗൽഭരുടെ ഒരു കൂട്ടായ്മ സജ്ജമായതിന്റെ സന്തോഷം പങ്ക് വെക്കട്ടെ. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച അഭിഭാഷകരുടെ നിയമ സഹായം ലഭ്യമാക്കാനുള്ള സംവിധാനം.Defamation (civil&criminal) കേസുകളിൽ specialise ചെയ്തവരുടെ താരനിരയാണ് നമുക്ക് വേണ്ടി സജ്ജമാവുന്നത്.

മാധ്യമ ഇരകൾക്കുള്ള സൗജന്യമായ End to end solution ആണ്‌ വരുന്നത്. ഇരകൾക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം. മനശ്ശാസ്ത്രജ്ഞന്റെ സേവനം മുതൽ, വേണ്ടി വന്നാൽ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പ് വരെ. ഈയൊരു സംരംഭത്തിന്റെ നടത്തിപ്പ് സുമനസ്സുക്കളായ പ്രഗൽഭരുടെകൂട്ടായ്മയിലൂടെയാണ് സാധ്യമാവുന്നത്. ഇനി, നാട്ടിലെ മാധ്യമം മാനഹാനി വരുത്തിയ അന്യനാട്ടിലെ പ്രവാസിയാണെങ്കിൽ എന്ത്‌ ചെയ്യും? അതിനും പരിഹാരമുണ്ട്.

ഓൺലൈനായി വിദേശത്ത് വച്ച് നിങ്ങൾക്കത് കാണാനായാൽ അവിടത്തെ കോടതിയിൽ കേസ് നടത്താം. ഒരു പക്ഷേ അതിവേഗം, വലിയ നഷ്ടപരിഹാരത്തുക കൈക്കലാക്കുകയും ചെയ്യാം. വിദേശങ്ങളിലുള്ള പ്രഗൽഭ അറ്റോർണികൾ നിങ്ങളെ സഹായിക്കാനുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സ്വയം പ്രഖ്യാപിത പ്രതികരണത്തൊഴിലാളികളെയും നിയമത്തിന് മുമ്പിൽ എത്തിക്കാനാവും. (എന്റെ അഭിപ്രായത്തിൽ ചെറു ചവറുകളെ ബ്ലോക്കാക്കിയാൽ മതി. വല്ലാതെ ശല്യം ചെയ്യുന്നവരെ മാത്രം പിടിക്കുക.)

എനിക്ക് വന്ന അനേകം ഫോൺ കോളുകളിൽ ഒന്നിലൂടെയായിരുന്നു ഈ ആശയത്തിന്റെ തുടക്കം. സ്വന്തം മകനെതിരെ ഒരു മാധ്യമ സ്ഥാപനം ഫ്രണ്ട്‌ പേജിൽ പടച്ച് വിട്ട 100% വ്യാജമായ വാർത്ത കണ്ട് ഭയന്ന് മാനസികനില തെറ്റിയ ഒരമ്മയെക്കുറിച്ച് സംസാരിക്കാൻ എന്നെ വിളിച്ചത് ആ മകൻ തന്നെയായിരുന്നു. ആ വാർത്ത ഞാനും വായിച്ചിരുന്നു. അയാൾ യാഥാർത്ഥ്യം പറയും വരെ എന്റെ മനസ്സിലും അയാളൊരു തെറ്റുകാരനായിരുന്നു. ആ മാധ്യമം ഇന്നേവരെ യാഥാർത്ഥ്യം പറഞ്ഞ് തിരുത്തുകയോ, മാപ്പ് പറയുകയോ ചെയ്തിട്ടില്ല.ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച്, അവിടെ നിന്ന് ശക്തനായി മടങ്ങിവന്ന ആ മകനാണ് ഈ ആശയം യാഥാർത്ഥ്യമാവാൻ കാരണം.

ഇംഗ്ലീഷിൽ പറയാറുണ്ട്, don’t wrestle with pigs എന്ന്. കാരണം നിങ്ങളുടെ ദേഹവും ചെളിയിൽ മലീമസമാവും. But there is always a technique to handle even the dirtiest pigs. അവരുടെയൊന്നും നിലവാരത്തിലേക്ക് ഇറങ്ങാതെ, വളരെ മാന്യമായി, കേരളത്തിലെ മാധ്യമ സംസ്കാരത്തെ ഒരല്പമെങ്കിലും നിയമം പഠിപ്പിക്കാൻ നിങ്ങൾക്കും കൂടാം. സ്നേഹത്തോടെ മതി. വെറുപ്പോ വൈരാഗ്യമോ വിദ്വേഷമോ ഇല്ലാതെ. നിയമപ്രകാരം, ക്ഷമയോടെ, കേസുകൾ ഓരോന്നും ഒന്നൊന്നായി എടുത്ത്. Because we should not become like pigs. Be like the lion that waits to pounce on the hunt.

വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്ന നിയമലംഘനത്തെ നിയമപരമായി നേരിടാനുള്ള കൂട്ടായ്മയിൽ നിങ്ങൾക്കും ചേരാം. നിങ്ങളൊരു മാധ്യമ ഇരയോ ഈ ആശയവുമായി സഹകരിക്കാൻ താൽപര്യപ്പെടുന്ന നിയമവിദദ്ധയോ മനശ്ശാസ്ത്രജ്ഞയോ ആണെങ്കിൽ താഴെക്കാണുന്ന ഈ മെയിലിൽ ബന്ധപ്പെടൂ.

contact@mediavictims.org

ഏതെങ്കിലും ഇര നിയമനടപടികൾ എടുക്കുന്നു എന്ന് തോന്നുമ്പോൾ സെറ്റിൽ ചെയ്യിക്കാൻ രാഷ്ട്രീയമായും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും സമ്മർദ്ദം ചെലുത്തുന്ന ഒരു പ്രത്യേക തരം സംഘവുമുണ്ട് കേരളത്തിൽ. ഇതിനെയെല്ലാം അതിജീവിക്കാൻ പറ്റുന്നവർ നേതൃത്വം നൽകുന്ന സംവിധാനമാണ് വരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുന്നതാണ്.
ഈ സൽപ്രവൃത്തിക്ക് എന്റെ വക ഉൽഘാടനക്കേസും സമർപ്പയാമി. കാരണം എന്റെ മാതൃഭൂമി ഭാരതമാണ്, വെറും മഷി മുക്കിയ മഞ്ഞ കടലാസ്സല്ല.

– പ്രശാന്ത്

https://www.facebook.com/717934055/posts/10161285312159056/?d=n