Mon. Dec 23rd, 2024

ആറാട്ടുപുഴ:

ആഭരണങ്ങളിൽ ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. മുതുകുളത്ത് ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണനാണ് തിങ്കളാഴ്ച കനകക്കുന്ന് പൊലീസിൽ കീഴടങ്ങിയത്. ഒരാഴ്ചയിലേറെ ആയി ഇയാൾ ഒളിവിലായിരുന്നു.

ഉപഭോക്താക്കൾക്ക് വിറ്റ സ്വർണമാണ് ഹാൾമാർക്ക് ചെയ്ത് തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ തിരികെ വാങ്ങിയത്. തിരികെ വാങ്ങിയ സ്വർണത്തിൽ കുറച്ച് ഹോൾ മാർക്ക് ചെയ്യാനായി കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിൽ നൽകിയിരിക്കുകയാണെന്ന് ചോദ്യം ചെയ്യലിൽമ്പൊലീസിനോട് പറഞ്ഞു.

സ്വർണ്ണം വാങ്ങിയ നിരവധി പേർ പണം തിരികെ നൽകാത്തതിനെ തുടർന്ന് ആണ് സാമ്പത്തികബാധ്യത ഉണ്ടായതെന്നും ഇതൊഴിവാക്കാനാണ് ഇത്തരത്തിൽ ചെയ്യേണ്ടി വന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പൊലീസും റവന്യൂ അധികൃതരും സംയുക്തമായി ഇന്നലെ മുതുകുളം പാണ്ഡവർകാവ് ജങ്ഷനിലെ ഉണ്ണികൃഷ്ണൻെറ ആയില്യത്ത് ജ്വല്ലറി തുറന്ന് പരിശോധന നടത്തിയിരുന്നു. 3.9 ഗ്രാം സ്വർണവും പഴയതും പുതിയതുമായ 621 ഗ്രാം വെള്ളിയും കണ്ടെടുത്തിരുന്നു.

ബാക്കി ഉണ്ടായിരുന്നവ ജ്വല്ലറിയിൽ പ്രദർശനത്തിനായി വെച്ചിരിക്കുന്ന മുക്ക് പണ്ടങ്ങളായിരുന്നു. സ്വർണം തിരികെ ലഭിക്കാൻ വൈകിയതിനെ തുടർന്ന് മുതുകുളം വടക്ക് സ്വദേശിയായ ഭവാനിയമ്മയുടെ പരാതിയിലാണ് പൊലീസ് ആദ്യം കേസെടുത്തത്. തുടർന്ന് 20ഓളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഏകദേശം അറുപതോളം പവൻെറ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കൂടാതെ സ്വർണ്ണത്തിനു മുൻകൂറായി പണം നൽകിയവരും പരാതിക്കാരായുണ്ട്.

കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം സിഐ ഡി ബിജുകുമാർ,എസ്ഐ എച്ച് നാസറുദ്ദീൻ, എഎസ്ഐ ജയചന്ദ്രൻ, സിപിഓമാരായ ശ്യാം, സതീഷ്വില്ലേജ് ഓഫീസർ ബേബി മിനി എന്നിവരടങ്ങിയ സംഘമാണ് ജ്വല്ലറിയിൽ പരിശോധന നടത്തിയത്.

By Rathi N