Wed. Nov 6th, 2024
തൊടുപുഴ:

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ ഹരിതകേരളത്തി​ൻെറ ജലഗുണനിലവാര പരിശോധന ലാബുകളുടെ നിര്‍മാണം തിങ്കളാഴ്​ച തുടങ്ങും. പഞ്ചായത്തുകളില്‍ ഒരു സ്‌കൂളിലെങ്കിലും സൗജന്യമായി ജലം പരിശോധിക്കാന്‍ സംവിധാനമൊരുക്കുന്നതിനാണ് ഹരിതകേരളം പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി 36 ലാബുകളാണ് എം എല്‍ എ ഫണ്ടില്‍നിന്ന്​ ലഭ്യമാക്കിയ തുകയുപയോഗിച്ച് നിര്‍മിക്കുന്നത്.

15 ദിവസത്തിനുള്ളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. മന്ത്രി റോഷി അഗസ്​റ്റി​ൻെറ മണ്ഡലമായ ഇടുക്കിയിലെ ഇരട്ടയാര്‍ സൻെറ്​ തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബി​ൻെറ നിര്‍മാണമാണ് ആദ്യമായി പൂര്‍ത്തിയാക്കുക. കട്ടപ്പന സൻെറ്​ ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ലാബി​ൻെറയടക്കം ഒമ്പത് ലാബുകളുടെ നിര്‍മാണവും വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.

ഇടുക്കി മണ്ഡലത്തില്‍ എം എല്‍ എ ഫണ്ടില്‍നിന്ന്​ 12.50 ലക്ഷം രൂപയാണ് ലാബുകളുടെ നിര്‍മാണത്തിനായി അനുവദിച്ചത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ​െഡവലപ്മൻെറ്​ കോര്‍പറേഷനാണ് ജലലാബുകള്‍ നിര്‍മിക്കുന്നത്. സ്‌കൂളുകളിലെ ലാബിനോട്​ അനുബന്ധിച്ചാകും ജലലാബുകളും നിര്‍മിക്കുക.

ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി അധ്യാപകര്‍ക്കാണ് ലാബുകളുടെ പ്രധാന ചുമതല. സൗജന്യമായി ജലം പരിശോധിക്കാം ശുദ്ധജലം എല്ലാ വീടുകളിലും ഉറപ്പാക്കുന്നതിനൊപ്പം ജല മലിനീകരണത്തി​ൻെറ വിവിധ വശങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തെയാകെ ബോധ്യപ്പെടുത്തുന്നതിനാണ് ജല ലാബുകള്‍ ലക്ഷ്യമിടുന്നത്.

സ്‌കൂള്‍ ലാബുകളില്‍ തികച്ചും സൗജന്യമായാണ് ജലം പരിശോധിച്ചുനല്‍കുക. വെള്ളത്തി​ൻെറ നിറം, ഗന്ധം, പി എച്ച്​ മൂല്യം, ലവണ സാന്നിധ്യം, ലയിച്ചുചേര്‍ന്ന ഖരപദാര്‍ഥത്തി​ൻെറ അളവ്, നൈട്രേറ്റി​ൻെറ അളവ്, അമോണിയ, കോളിഫോം എന്നീ ഘടകങ്ങള്‍ ബി ഐ എസ്​ മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ സ്‌കൂള്‍ ലാബിലുണ്ടാകും.

By Divya