Mon. Nov 18th, 2024
കോഴിക്കോട്:

സംസ്ഥാനത്തെ വാക്സീൻ വിതരണകേന്ദ്രങ്ങളിൽ പലതിലും വിതരണം അശാസ്ത്രീയം. വിതരണം നടത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പല വാക്സീൻ കേന്ദ്രങ്ങളും പാലിക്കുന്നില്ല. ഫലമായി, സംസ്ഥാനത്തെ പല വാക്സീൻ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കോഴിക്കോട് ഫറോക്കിലും ഇടുക്കിയിലെ കുളമാവിലെയും വാക്സീൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടവും തിക്കിത്തിരക്കും പ്രതിഷേധവും ഈ വാർത്ത ശരിവയ്ക്കും.കോഴിക്കോട് ഫറോക്കിൽ ഇന്ന് രാവിലെ നടത്താനിരുന്ന വാക്സീൻ വിതരണം ആകെ താറുമാറായി. 250 ഡോസ് വാക്സീനുണ്ടെന്ന് കൗൺസിലർമാർ അടക്കം അറിയിപ്പ് കൊടുത്തതോടെ വന്നത് അഞ്ഞൂറിലേറെപ്പേർ.

സെന്‍ററിലെത്തിയപ്പോൾ 150 ഡോസ് വാക്സീനേ ഉള്ളൂവെന്നായി അധികൃതർ. അതിൽത്തന്നെ 130 പേർക്കേ നൽകാനാകൂ എന്ന് അധികൃതർ പറഞ്ഞതോടെ പ്രതിഷേധമായി.ഇടുക്കിയിലെ കൊവിഡ് വാക്സീൻ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്നത്.

മാനദണ്ഡം ലംഘിച്ച് ആൾക്കൂട്ടമെത്തുന്നത് രോഗ വ്യാപനത്തിന് കാരണമായേക്കുമെന്ന് ആശങ്ക ഉയരുകയും ചെയ്യുന്നു. മണിക്കൂറുകൾ കാത്തു നിന്ന് വാക്സീൻ ലഭിക്കാതെ നിരാശരായി മടങ്ങുന്നവരും നിരവധിയാണ്.തലേ ദിവസം വൈകുന്നേരത്തോടെയാണ് ഏതൊക്കെ കേന്ദ്രങ്ങളിലാണ് അടുത്ത ദിവസം വാക്സീൻ വിതരണം നടക്കുകയെന്ന വിവരം ജനപ്രതിനിധികൾക്കും ആരോഗ്യ പ്രവർത്തകർക്കും ലഭിക്കുന്നത്.

അറിയിപ്പ് വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് കൈമാറുന്നത്. അതിനാൽ 500 ഡോസ് വാക്സീൻ വിതരണം ചെയ്യുന്നിടത്ത് ആയിരത്തിലധികം പേരെത്തും.സമീപ പഞ്ചായത്തുകളിലുള്ളവരും ഓൺലൈൻ വഴി രജസ്റ്റർ ചെയ്തെത്തുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ടാകും. ഉന്തും തള്ളും വാക്കേറ്റവുമൊക്കെയാകുമ്പോൾ പോലീസിടപെട്ട് ടോക്കൺ നൽകി എണ്ണം ക്രമീകരിക്കും.

കൊവിഡ് പരിശോധന നടക്കുന്ന ആശുപത്രികളിൽ പോലും വാക്സീൻ സ്വകരിക്കാൻ ആളുകൾ കൂട്ടം കൂടുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. വാക്സീൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയരുമെന്നുറപ്പാണ്.