Sun. Dec 22nd, 2024

പാലക്കാട്:
രമ്യഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചെന്ന പരാതിയിൽ ചന്ദ്രനഗറിലെ ഭക്ഷണശാലയ്ക്കെതിരെ കസബ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.  ഹോട്ടലിലെ മേശയ്ക്കു ചുറ്റും ഇരുന്ന രമ്യഹരിദാസ് എംപിയെയും കോൺഗ്രസ് നേതാക്കളെയും ഒരു കോളജ് വിദ്യാർത്ഥി ചോദ്യം ചെയ്തതേ‍ാടെയാണു പ്രശ്നങ്ങൾക്കു തുടക്കം.

മാസ്ക് ധരിച്ചില്ലെന്നും പ്രതിരേ‍ാധചട്ടം ലംഘിച്ചു കൂട്ടത്തോടെ ഭക്ഷണം കഴിക്കാൻ ഇരുന്നെന്നും ആരോപിച്ചു പാഴ്സൽ വാങ്ങാനെത്തിയ വിദ്യാർത്ഥി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.  നേതാക്കളിൽ ചിലർ എതിർത്തതേ‍ാടെ വാക്കേറ്റമായി. ഹോട്ടൽ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്തേക്കു മാറ്റി.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതേ‍ാടെ പൊലീസ് ഇടപെട്ടു. കേസെടുത്ത ശേഷം കസബ സിഐ എൻഎസ് രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിനെതിരെ നടപടി പരിഗണനയിലാണെന്നു മരുതറോഡ് പഞ്ചായത്ത് അധ്യക്ഷൻ പി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

ഇതിനിടെ കോൺഗ്രസ് നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചു വിദ്യാർത്ഥി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.  അതേസമയം, പാഴ്സൽ വാങ്ങാനാണു ഹോട്ടലിൽ എത്തിയതെന്നും മഴയായതിനാൽ ഹോട്ടൽ ജീവനക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാണു അകത്ത് ഇരുന്നതെന്നും രമ്യ ഹരിദാസ് എംപി പറഞ്ഞു. ഈ സമയം യുട്യൂബ് വ്ലോഗറാണെന്നു പരിചയപ്പെടുത്തിയ ഒരാൾ വിഡിയോ പകർത്തി.

 തന്നെയും ഒപ്പമുണ്ടായിരുന്നവരെയും ചോദ്യംചെയ്തു പ്രകോപിപ്പിക്കാൻ ശ്രമിച്ചു. വിഡിയോ പകർത്തുന്നതിനിടെ തന്റെ കയ്യിൽ ഇയാളുടെ കൈ തട്ടിയപ്പോഴാണു കൂടെയുണ്ടായിരുന്നവർ ഇടപെട്ടതെന്നും എംപി അറിയിച്ചു.

By Rathi N