Wed. Jan 22nd, 2025

പാലക്കാട്:

കരുവന്നൂർ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് പാലക്കാട് കണ്ണന്നൂരിലും. കുഴൽമന്ദം ബ്ലോക്ക് റൂറൽ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാർ പാലക്കാട് ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി രണ്ട് മാസമായിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല.

സഹകരണ വകുപ്പ് അന്വേഷണത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ക്രിമിനൽ നടപടി സ്വീകരിച്ച് ഉടൻ റിപ്പോർട്ട് നൽകാനായിരുന്നു സഹകരണ രജിസ്ട്രാറുടെ നിർദേശം. കഴിഞ്ഞ ഏപ്രിൽ എട്ടിന് ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. 4.85 കോടി രൂപയുടെ അഴിമതിയാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കണ്ടെത്തിയത്.

ഈ തുക മുൻ ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കണമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് ശുപാർശ നൽകിയിരുന്നു. സ്ഥിര നിക്ഷേപം തിരിച്ചുനൽകാതിരിക്കൽ, രേഖകളില്ലാതെ വായ്പ അനുവദിക്കൽ, അപേക്ഷകർ അറിയാതെ വായ്പ പുതുക്കൽ, അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്പയെടുക്കൽ തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. മൂന്ന് വർഷമായി പണമോ പലിശയോ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ എൻ വിനേഷിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണസമിതി പിരിച്ചുവിട്ടെങ്കിലും ഇയാളുടെ ബിനാമികളാണ് ഇപ്പോഴും സഹകരണ സംഘം ഭരിക്കുന്നതെന്നാണ് നിക്ഷേപകരുടെ ആരോപണം. വിനേഷിന് പുറമെ ഹോണററി സെക്രട്ടറി, മുൻ ഭരണസമിതി അംഗങ്ങൾ, ഒൻപത് ജീവനക്കാർ തുടങ്ങിയവർ അഴിമതിയിൽ പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

By Rathi N