വടശ്ശേരിക്കര:
കാടും നാടും ചേർന്നതാണ് പെരുനാട്. കാടായിരുന്ന പലയിടവും ഇപ്പോൾ നാടാണ്. 82.05 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുനാട് പഞ്ചായത്ത് ജില്ലയിലെ വിസ്തൃതിയേറിയ പഞ്ചായത്തുകളിലൊന്നാണ്. കാട് ഏറിയ നാടായതിനാൽ ജനസംഖ്യ 22,130 മാത്രമെയുള്ളൂ.
കാടായിരുന്ന പലയിടവും നാടാക്കിയത് ഭൂമി കൈയേറ്റക്കാരാണ്. നൂറ്റാണ്ട് മുമ്പ് തുടങ്ങിയ കൈയേറ്റം ഇപ്പോഴും ഇവിടെ തുടരുന്നു. പുതിയ കമ്പനികളും വ്യക്തികളും ഏക്കറുകണക്കിന് ഭൂമിയുടെ ഉടമസ്ഥരായി അവതരിച്ചുകൊണ്ടിരിക്കുന്നു.
ഭൂരിഭാഗവും വനമേഖലയായതിനാൽ ഇവിടെ നടക്കുന്ന പെരിയ കാര്യങ്ങൾ അധികമൊന്നും കാടുകടന്ന് മറ്റ് നാട്ടുമ്പുറങ്ങളിലേക്ക് എത്തുന്നില്ല. കാടുംനാടും വേർതിരിക്കുന്ന കൃത്യമായ അതിർവരമ്പുകളൊന്നും ഇവിടെയില്ല. അത് ഉണ്ടാകരുതെന്ന് ആശിക്കുന്നവരാണ് കാടിൻ്റെ സംരക്ഷകരായ വനപാലകരും നാടിൻ്റെ സംരക്ഷകരായ റവന്യൂ അധികൃതരും.
രണ്ട് കൂട്ടരും തരാതരം പോലെ കൈകോർത്ത് പെരിയ പണമുള്ളവർക്കുവേണ്ടി കാടിനെ നാടും നാടിനെ കാടുമാക്കി മാറ്റിമറിക്കുന്നുണ്ട് ഇവിടെ. രേഖകളിൽ കാടെന്നും നാടെന്നുമൊക്കെയുണ്ടാകാം. കൈയടക്കിയിരിക്കുന്നത് കൈയൂക്കുള്ളവരായാൽ രേഖകൾക്ക് കടലാസിൻ്റെ വിലപോലുമുണ്ടാവില്ല. വനമെന്നോ നാടെന്നോ കണക്കാക്കാതെ ഭൂമി വെട്ടിപ്പിടിക്കുന്നവരുടെ പറുദീസയാണ് ഇപ്പോൾ പെരുനാട്.
പണവും പത്രാസും കൈയൂക്കുമുണ്ടെങ്കിൽ ഇവിടെ ആർക്കും ഭൂമി കൈയേറുകയും കൈയേറിയവരിൽനിന്ന് വാങ്ങിക്കൂട്ടുകയുമെല്ലാം ചെയ്യാം. കേറിക്കിടക്കാൻ ഇടമില്ലാത്ത അത്താഴപ്പട്ടിണിക്കാരനാണെങ്കിൽ ഇതെല്ലാം കണ്ടുനിൽക്കാം. റവന്യൂ, വനം ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് ഇവിടെ ഭൂമി കൈയേറലും കൈമാറ്റവുമെല്ലാം നടക്കുന്നത്.