പത്തനാപുരം:
താലൂക്കിലെ ഒരു പഞ്ചായത്തിലും സംസ്കരണസംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥിതി തുടരവേ മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ ആയി പാതയോരങ്ങളും ജലാശയങ്ങളും. മാറി മാറി വന്ന സര്‍ക്കാറുകള്‍ പുതിയ സംസ്കരണശാലകള്‍ക്ക് പദ്ധതികള്‍ നിരവധി ആവിഷ്കരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല. പൊതുനിരത്തുകളിലും പാതയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പൊതുജനത്തിൻെറ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്.
കല്ലുംകടവ് തോട്, കടയ്ക്കാമണ്‍തോട്, കല്ലടയാറ്, പനമ്പറ്റ തോട്, കുണ്ടയംതോട് എന്നിവയാണ് പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകള്‍. ഇവയിലെല്ലാം മാലിന്യം വന്‍തോതിലാണ് നിക്ഷേപിക്കപ്പെടുന്നത്. ജലാശയങ്ങള്‍ മാലിന്യവാഹിനിയായി മാറിയിട്ടും വൃത്തിയാക്കുന്നതിനോ സംരക്ഷിക്കുന്നതിനോ നടപടികളില്ലെന്ന് ആക്ഷേപവുമുണ്ട്.
നഗരത്തില്‍ ചെറിയ റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്‍ തോതിലാണ് മാലിന്യം പാതയോരങ്ങളിലേക്ക് എത്തുന്നത്. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും അറവുശാലകളിലെയും മാലിന്യമാണ് അധികവും.
മാലിന്യസംസ്കരണപ്ലാൻറ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ തിരക്കൊഴിഞ്ഞ ഭാഗങ്ങളില്‍ എത്തിക്കുന്ന മാലിന്യം ചാക്കുകളിലാക്കിയാണ് വലിച്ചെറിയുന്നത്. തൊഴിലുറപ്പ് പദ്ധതിയിലും കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തി ഇവ ഇടക്ക് നീക്കം ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ല.