തിരുവനന്തപുരം:
അർബുദ രോഗിയെ ക്രൂരമായി മർദിച്ച സംഭവം വാർത്തയാക്കിയതിനെ തുടർന്ന് പത്ര ഓഫിസിന് മുന്നിൽ യുവ അഭിഭാഷകൻെറ ആത്മഹത്യ ശ്രമം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ശ്രീകാന്താണ് മലയാള മനോരമ റോഡിലെ സ്വകാര്യ ചാനലിൻെറ ഓഫിസിലെത്തി ആത്മഹത്യശ്രമം നടത്തിയത്. പെട്രോളൊഴിച്ച് തീ കൊളുത്തും മുമ്പ് സ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
മാസങ്ങൾക്കു മുമ്പ് വഞ്ചിയൂർ മള്ളൂർ റോഡിൽ എ സി റിപ്പയറിങ് കട നടത്തുന്ന വിളവൂർക്കൽ കുണ്ടമൺഭാഗം മൂലതോപ്പ് ടി ആർ എ 53ൽ ഷിബുവിനെ(43) ശ്രീകാന്ത് മർദിച്ചിരുന്നു. ഷിബുവിൻെറ, റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിൽ ശ്രീകാന്ത് രണ്ടുതവണ കാർകൊണ്ട് ഇടിക്കുകയായിരുന്നു.
ഇതു ചോദ്യം ചെയ്ത ഷിബുവിനെ ശ്രീകാന്ത് വാഹനം നിർത്തി ഇറങ്ങിവന്ന് അസഭ്യം പറയുകയും ഷിബുവിനെ തള്ളി താഴെയിടുകയും ചെയ്തു. തലയിടിച്ച് താഴെവീണ ഷിബുവിനെ കടയിലുള്ളവരും സമീപവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ട്യൂമർ ബാധിച്ച ഷിബുവിൻെറ തലക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തി തയ്യലിട്ടിരിക്കുകയായിരുന്നു.
തയ്യലുകൾ പൊട്ടുകയും വീണ്ടും തലക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഗുരുതരാവസ്ഥയിലായ ഷിബു രണ്ടരമാസത്തോളം ആശുപത്രിയിലായി. ശ്രീകാന്തിനെ രക്ഷിക്കാൻ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നെന്ന് ആരോപണം ഉയർന്നതോടെയാണ് സ്വകാര്യ ചാനലിൽ വാർത്ത വന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ശനിയാഴ്ച വൈകീട്ട് അഞ്ചോടെ സ്വകാര്യ ചാനലിൻെറ ഓഫിസിലെത്തി ശ്രീകാന്തിൻെറ ആത്മഹത്യശ്രമം.
ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി തമ്പാനൂർ പൊലീസ് അറിയിച്ചു