Sat. Apr 27th, 2024
കട്ടപ്പന:

രണ്ടുവട്ടം കരുത്താർജിച്ചിട്ടും കോവിഡിനെ അകറ്റി നിർത്തി കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസിക്കുടി. 44 കുടുംബങ്ങളിലായി ആദിവാസി വിഭാഗത്തിൽപെട്ട 155 പേരാണ് ഈ കുടിയിലുള്ളത്. അതിൽ 60 പേർ കുട്ടികളാണ്. 80 പേർ ഇതിനോടകം കോവിഡ് പ്രതിരോധ വാക്‌സീൻ സ്വീകരിച്ചിട്ടുണ്ട്. ഗർഭിണികൾ ഉൾപ്പെടെ ഭൂരിഭാഗം പേരും ആന്റിജൻ ടെസ്റ്റിനും വിധേയരായിട്ടുണ്ട്.

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആദിവാസി കുടിയിൽ ആന്റിജൻ പരിശോധന നടത്തിയപ്പോഴും കോവിഡ് ബാധിച്ച ആരെയും കണ്ടെത്താനായില്ല. ഈ കുടിയിലെ ഒരാൾക്ക് കഴിഞ്ഞ വർഷം കുമളിയിലെ ബന്ധുവീട്ടിൽ കഴിയുമ്പോൾ കോവിഡ് പിടിപെട്ടെങ്കിലും രോഗം ഭേദമായി ഏറെനാളുകൾക്കു ശേഷമാണ് ഇവിടേക്ക് എത്തിയത്.

ഈ കുടിയിൽ താമസിക്കുമ്പോൾ ആർക്കും രോഗം പിടിപെട്ടിട്ടില്ലെന്നത് ആരോഗ്യ വകുപ്പിനും ആശ്വാസമേകുന്നു. മറ്റിടങ്ങളിൽ നിന്നുള്ളവരെ കുടിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പിൽ പറഞ്ഞു. ഊരുമൂപ്പൻ, കുടിയിലെ യുവാക്കൾ തുടങ്ങിയവരാണ് ഇതിനായി പ്രവർത്തിക്കുന്നത്.

കുടികളിൽ നിന്നുള്ളവർ മറ്റിടങ്ങളിൽ ജോലിക്കും മറ്റുമായി പോകാറുണ്ടെങ്കിലും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ കോവിഡ് പ്രതിരോധ വാക്‌സീൻ സ്വീകരിക്കാൻ കുടികളിലെ പലരും സന്നദ്ധരായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങളാണ് അവരെ അതിനു പ്രേരിപ്പിച്ചത്.

ട്രൈബൽ ഓഫിസറുടെയും പഞ്ചായത്ത് അംഗത്തിന്റെയും ഊരുമൂപ്പൻ അടക്കമുള്ളവരുടെയും നിരന്തരമായ ബോധവൽകരണ പ്രവർത്തനങ്ങളിലൂടെയാണ് ജനങ്ങളെ വാക്‌സീൻ സ്വീകരിക്കാൻ സന്നദ്ധരാക്കിയത്. കാഞ്ചിയാറിൽ നിന്ന് 7 കിലോമീറ്റർ വനമേഖലയിലൂടെ ഉൾപ്പെടെ സഞ്ചരിച്ചാണ് ഇവിടേക്ക് എത്തേണ്ടത്.

ചിലയിടങ്ങളിൽ റോഡിന്റെ ശോച്യാവസ്ഥ യാത്രാക്ലേശം സൃഷ്ടിക്കുന്നുണ്ട്. കാഞ്ചിയാർ എഫ്എച്ച്‌സി മെഡിക്കൽ ഓഫിസർ ഡോ. ഇവിൻ ഏബ്രഹാം, നഴ്‌സുമാർ, പി ബി സുനീഷ് പരിശോധനയും ക്യാംപും നടത്തിയത്.

By Divya