Wed. Jan 22nd, 2025
കണ്ണൂർ:

കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ തിരികെ നൽകേണ്ട പതിനയ്യായിരം രൂപ നൂറിലേറെ വിദ്യാർത്ഥികൾക്ക് കിട്ടിയില്ലെന്നാണ് ആക്ഷേപം.

ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കും.രണ്ടുവർഷം മുൻപ് പിജി പൂർത്തിയാക്കിയ വനിത ഡോക്ടർ കോഷൻ ഡിപ്പോസിറ്റായ പതിനയ്യായിരം രൂപ തിരികെ ആവശ്യപ്പെട്ടുകൊണ്ട് പല തവണ മെഡിക്കൽ കോളേജ് അക്കൗണ്ട്സ് വിഭാഗത്തെ സമീപിച്ചു. പണം കിട്ടാതെവന്നതോടെ കഴിഞ്ഞ ദിവസം പ്രിൻസിപ്പലിനെ വിളിച്ചു.

അപ്പോഴാണ് വനിത ഡോക്ടർ പണം നേരത്തെ കൈപ്പറ്റി എന്ന് അക്കൗണ്ട്സിൽ വ്യാജ രേഖ ഉണ്ടാക്കിയ കാര്യം വ്യക്തമാകുന്നത്. പൂർവ്വ വിദ്യാർത്ഥികളുടെ വാട്സാപ് കൂട്ടായ്മയിൽ ഇക്കാര്യം ചർച്ച ആയപ്പോൾ 2010 മുതലിങ്ങോട്ട് നിരവധി പേർ ഡിപ്പോസിറ്റ് പണം കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തി. ഇപ്പോൾ തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്ന അർജുൻ 2011ൽ പരിയാരത്ത് പഠിക്കുന്ന കാലയളവിൽ നൽകിയ ഡെപ്പോസിറ്റ് പത്തുവർഷമിപ്പുറവും കിട്ടിയിട്ടില്ല എന്ന് വിശദമാക്കിയത്.

പൈസ കിട്ടാനുള്ള പൂർവ്വ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രിൻസിപ്പലിന് മെയിലക്കുകയാണിപ്പോൾ. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകാറുള്ളതെന്നും എന്താണുണ്ടായതെന്ന് മെഡിക്കൽ കോളേജ് അക്കൗണ്ട്സ് വിഭാഗത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തെ പൊതുപ്രവർത്തകനായ കെപി മൊയ്തു എന്നയാൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിജിലൻസിനും പരാതി അയച്ചു.