Sat. Apr 20th, 2024
എടക്കര:

കവളപ്പാറ ദുരന്തബാധിതർക്കായി മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി വാങ്ങിയ ഭൂമി വിതരണം ചെയ്യാത്തതിൽ പാർട്ടിയിൽ പൊട്ടിത്തെറി. ഭൂമി ഇടപാടിൽ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന ആവശ്യവുമായി അണികൾ രംഗത്തെത്തി. നേതാക്കളുടെ സ്വന്തക്കാരുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്‌തെന്നും ആക്ഷേപമുണ്ട്‌.

ഉരുൾപൊട്ടലിന്‌ ഇരയായ അമ്പത്‌ കുടുംബങ്ങൾക്ക്‌ സ്ഥലവും വീടും എന്നതായിരുന്നു മുസ്ലിംലീഗ്‌ പ്രഖ്യാപനം. ഇതിൻറെ കള്ളക്കളി വാർത്തയാക്കിയതോടെ നേതൃത്വം വെട്ടിലായി. പോത്ത്കല്ല് പഞ്ചായത്തിലെ പൂളപ്പാടം, കോടാലിപൊയിൽ, വെളുമ്പിയംപാടം എന്നിവിടങ്ങളിലായി മൂന്ന് ഏക്കർ കവളപ്പാറയിലെ കുടുംബങ്ങൾക്ക് കൈമാറുമെന്ന്‌ ലീഗ് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

വിദേശത്തുനിന്നടക്കം വൻ തുക പിരിച്ചാണ്‌ സ്ഥലം വാങ്ങിയത്‌. 2020 നവംബറിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി ആധാരം കൊടുക്കുമെന്നായിരുന്നു വാഗ്‌ദാനം. അതേസമയം, ഭൂമി കൈമാറിയെന്ന്‌ അവകാശപ്പെടുമ്പോഴും ഗുണഭോക്താക്കളുടെ പേര്‌ പറയാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

ലീഗിൻറെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിഷയം സജീവ ചർച്ചയാണ്‌. ഭൂമി ലഭിച്ചവരുടെ പേര്‌ വിവരം പുറത്തുവിടണമെന്ന്‌ അണികൾ നേതൃത്വത്തോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്‌. വാർത്താസമ്മേളനം നടത്തി വസ്‌തുതകൾ വിവരിക്കണമെന്നും ഒരു വിഭാഗം നിലപാടെടുക്കുന്നു.

പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ സംശയം വർധിപ്പിക്കുന്ന വിശദീകരണക്കുറിപ്പാണ് വന്നത്. ലീഗ് ജില്ലാ സെക്രട്ടറിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലും വ്യക്തതയില്ല.ഭൂമി ലഭിച്ചിട്ടില്ലെന്ന കവളപ്പാറയിലെ ദുരന്തബാധിത കുടുംബങ്ങളുടെ തുറന്നുപറച്ചിലും നേതൃത്വത്തെ കുഴക്കുന്നു. ഭൂമി ഇടപാടിൽ വലിയ അഴിമതിയും വഞ്ചനയും നടന്നതായി ചൂണ്ടിക്കാട്ടി സിപിഐ എം ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർടികൾ രംഗത്തെത്തി. അപ്പോഴും മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണ്‌ ലീഗ്‌.