Mon. Jan 20th, 2025

തൃശൂർ:

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിൻറെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം നിർമ്മാണം ആരംഭിച്ചത് കോടികളുടെ റിസോർട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ പുറത്തു വന്നതിനെ തുടന്ന് മൂന്നു വർഷം മുമ്പ് പണികൾ മുടങ്ങി.

തേക്കടിയിൽ നിന്നും പത്തു കിലോമീറ്റർ അകലെ കുമളി പഞ്ചായത്തിലെ മുരിക്കടി എന്ന സ്ഥലത്താണ് കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്. എട്ടേക്കറിലധികം സ്ഥലമാണ് ബിജോയ് ഉൾപ്പെടെയുള്ളവരുടെ കൈവശമുള്ളത്. തേക്കടി റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇരിങ്ങാലക്കുട ആനന്ദത്തുപറമ്പിൽ എകെ ബിജോയി 2014 ൽ കെട്ടിട നിർമാണത്തിനുള്ള അനുമതിക്കായി കുമളി പഞ്ചായത്തിൽ അപേക്ഷ നൽകി.

കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ബിജോയി. 58,500 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ പണിയാനാണ് പെർമിറ്റെടുത്തത്. അഞ്ചു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. 18 കോടിയുടെ പദ്ധതിയായിരുന്നു ലക്ഷ്യം.

ഇതിൽ മൂന്നരക്കോടിയുടെ ആദ്യഘട്ട നിർമാണം മാത്രമാണ് പൂർത്തിയാക്കാനായത്. പണി നടത്തിയ മുരിക്കടി സ്വദേശിയായ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ബിജോയിയാണ് കരാറുകാരന് പണം നൽകിയിരുന്നത്.

മൂന്നു വർഷം മുമ്പ് പണം വരവ് നിലച്ചു. ഇതോടെ പണികളും മുടങ്ങി. മൂന്നു പേരിൽ നിന്നായി ബിജോയിയുടെ പേരിൽ വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്തെ നിർമാണത്തിനാണ് ആദ്യം അനുമതി സമ്പാദിച്ചത്.

2017 ൽ പെർമിറ്റ് പുതുക്കിയപ്പോൾ കൂടുതൽ നിർമാണത്തിനുള്ള അനുമതിയും വാങ്ങി പഞ്ചായത്തിൽ നിന്ന് വാങ്ങി. 50 മുറികളും ആയൂർവേദ സ്പായും ഉൾപ്പെടെ നിർമ്മിക്കാനായിരുന്നു പദ്ധതി.

By Rathi N