പാലക്കാട്:
നഗരസഭയിലെ 23 കൗൺസിലർമാരുടെ പ്ലാൻ ഫണ്ട് പാഴായതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്താൻ നഗരസഭ. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയത്തിൽ പത്തുദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകി. സംഭവത്തെച്ചൊല്ലി ആരോപണ-പ്രത്യാരോപണവുമായി പ്രതിപക്ഷ കക്ഷികളിലെ കൗൺസിലർമാരും ഭരണകക്ഷിയംഗങ്ങളും രംഗത്തെത്തിയതോടെ യോഗം ബഹളമയമായി.
ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ കക്ഷികളും 2020-21 കാലയളവിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സിപിഎമ്മിനായിരുന്നുവെന്ന് ഭരണപക്ഷവും ആരോപിച്ചു. കൃത്യസമയത്ത് നടപടികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്കാവാതിരുന്നത് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ഇതാണ് വാർഡ് വികസനത്തിനുള്ള ഫണ്ട് പാഴായതിന് പിന്നിലെന്നും ആരോപണമുയർന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പുകൾ, കൊവിഡ് പ്രതിസന്ധികൾ എന്നിവ ചൂണ്ടിക്കാട്ടി പ്രത്യേക ഉത്തരവിനായി സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചു.
ഇതിനുപുറമേ കരാർ ഒപ്പിടാത്ത പദ്ധതികൾ പാഴാവുന്നതിൽ നഗരസഭയുടെ ഭാഗത്ത്നിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സെക്രട്ടറിയെ ചുമതലപ്പെടുതത്തിയത്.