വടക്കഞ്ചേരി:
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണം അവസാന ഘട്ടത്തിലെത്തുമ്പോൾ നിർമിച്ച റോഡിന് നിലവാരമില്ലെന്ന് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജൻസി ഐസിടിയാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ അപാകത കണ്ടെത്തിയ ഭാഗങ്ങൾ ടാറിങ് ഉൾപ്പെടെ പൊളിച്ചുനീക്കി വീണ്ടും പണിയുകയാണിപ്പോൾ.
പന്തലാംപാടത്ത് റോഡ് കുത്തിപ്പൊളിച്ച് റീടാറിങ് തുടങ്ങി. പണി കഴിഞ്ഞ റോഡ് പൊട്ടിപ്പൊളിയുകയും പാലങ്ങളിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. ഡ്രൈനേജുകളുടെ പണിയും ഫലപ്രദമായിട്ടില്ല.
നിർമാണ അപാകതയുണ്ടെന്ന് ഹൈകോടതി നിയമിച്ച കമീഷൻ കണ്ടെത്തിയിട്ടും ഇവ പരിഹരിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. ബാങ്കുകൾ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതായും ആക്ഷേപമുണ്ട്. 2018 മാർച്ച് വരെയാണ് പാത കമീഷൻ ചെയ്യാൻ ദേശീയപാത അതോറിറ്റി സമയം അനുവദിച്ചിരുന്നത്. എന്നാൽ 2021 പകുതി പിന്നിട്ടിട്ടും പാത നിർമാണം പാതിവഴിയിലാണ്.