Wed. Apr 24th, 2024

പാലക്കാട്:

ജില്ലയിൽ മഴ കനത്തു. കാഞ്ഞിരപ്പുഴ ഡാം തുറന്നു. ശിരുവാണി അണക്കെട്ടു തുറക്കാൻ സാധ്യത. സുരക്ഷ ഉറപ്പാക്കാനാണ് ഡാമുകളി‍ൽ ജലനിരപ്പു ക്രമീകരിക്കുന്നത്.കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകളും 10 സെന്റീമീറ്റർ വീതം ഉയർത്തി.

പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.കനത്ത മഴയിൽ ജലനിരപ്പ് 92.95 മീറ്റർ പരിധി പിന്നിട്ടതോടെയാണ് ഇന്നലെ വൈകിട്ട് 4ന് ഡാം തുറന്നത്. 97.5 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. വൃഷ്ടി പ്രദേശത്തു മഴ തുടരുന്നു.

ശിരുവാണി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണെങ്കിലും (സമുദ്രനിരപ്പി‍ൽ നിന്ന്) ഡാം സുരക്ഷാ അതോറിറ്റിയുടെ നിർദേശ പ്രകാരം ജലനിരപ്പ് 877 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 872.6 മീറ്ററാണു ജലനിരപ്പ്.

വൃഷ്ടിപ്രദേശത്തു മഴ തുടർന്നാൽ ജലനിരപ്പു ക്രമീകരിക്കാൻ ഇന്ന് ഡാമിന്റെ റിവർ സ്ലൂയിസ് വഴി വെള്ളം ശിരുവാണി പുഴയിലേക്ക് ഒഴുക്കുമെന്ന് എക്സിക്യൂട്ടീവ് എൻ‍ജിനീയർ അറിയിച്ചു.

By Rathi N