ഇരിട്ടി:
ആറളം ഫാം പുനരുദ്ധാരണ പദ്ധതിയുടെ 2–ാം ഘട്ട പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചു. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാല വിദഗ്ധ സംഘം സമർപ്പിച്ച 14.56 കോടി രൂപയുടെ പദ്ധതികളിൽ (ഫാം റിവൈവൽ സ്കീം) നേരത്തെ 3 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കർമപരിപാടിയിലും ആറളം ഫാം വികസനവും ഉൾപ്പെടുത്തിയിരുന്നതിനാൽ 2–ാം ഗഡു ഉടൻ ലഭിച്ചേക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.
കാർഷിക ഗോഡൗണുകളുടെ നിർമാണം, ഡ്രയിങ് യാർഡ് റിപ്പയറിങ്, കൃഷിയുടെ പുനരുദ്ധാരണം, പുതു കൃഷി, പശു – ആട് വളർത്തൽ, സുഗന്ധവിള കൃഷി എന്നിവയ്ക്കാണു രണ്ടാം ഘട്ട സഹായം. ഫാമിൽ 25 ഹെക്ടറിൽ മഞ്ഞൾ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന മഞ്ഞൾ ശാസ്ത്രീയമായി സംസ്‌ക്കരിച്ചു പൊടിയാക്കി ആറളം ഫാം ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനുള്ള ചെറുകിട ഫാക്ടറി ആരംഭിക്കാനും രണ്ടാം ഘട്ട ധനസഹായം ഉപയോഗപ്പെടുത്തും.
മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ലാബ്, മാതൃകാ കൃഷിത്തോട്ടം, ഫാം ടൂറിസം പദ്ധതികൾക്കുള്ള തുടക്കം എന്നിവയും ലക്ഷ്യമിടുന്നു.ഒന്നാം ഗഡുവായി ലഭിച്ച 3 കോടി രൂപ ഉപയോഗിച്ചുള്ള പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലാണ്. 1–ാം ബ്ലോക്കിൽ പുതിയ നഴ്സറി ആരംഭിച്ചതും മത്സ്യകൃഷിയും ജല സംരക്ഷണ പ്രവർത്തനങ്ങളും കാർഷികോപകരണങ്ങൾ വാങ്ങിയതും ഒന്നാം ഘട്ട വികസനത്തിൽപ്പെടുത്തിയാണ്. 3 ലക്ഷത്തോളം വിത്ത് തേങ്ങ പാകി മേഖലയിൽ ആവശ്യമായ തെങ്ങിൻ തൈ വിതരണത്തിനുള്ള പ്രവർത്തനങ്ങളും ഊർജിതമാണ്.
വൻ വികസന പദ്ധതികൾക്കു ഫാമിൽ തുടക്കമിടുമ്പോഴും അധികൃതർ ആശങ്കയിൽ. വർഷങ്ങളായുള്ള കാട്ടാന ശല്യം പരിഹരിക്കപ്പെടാതെ തുടരുന്നതാണു കാരണം. കഴിഞ്ഞ രാത്രിയും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. 2 ദിവസം മുൻപ് 2 കുട്ടികൾ ഉൾപ്പെടുന്ന കുടുംബം കാട്ടാനക്കൂട്ടത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കുടിൽ പൊളിക്കുന്ന ഒച്ച കേട്ട ദമ്പതികൾ മക്കളെ കോരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഫാമിൽ കൃഷി നശിപ്പിക്കാത്ത ദിവസം ഇല്ല. ഫാമിൽ 50ലധികം ആനകൾ തമ്പടിച്ചു നാശം വിതയ്ക്കുന്നതായാണു പരാതി. 2 ആഴ്ച മുൻപ് 34 ആനകളെ കാട്ടിലേക്കു തുരത്തിയെങ്കിലും ഇവ തിരികെ എത്തി.
അടച്ചുപൂട്ടലിലേക്കു നീങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആറളം ഫാമിനു പുനരുദ്ധാരണ പദ്ധതി ഏർപ്പെടുത്തിയതും 2–ാം ഗഡു തുക അനുവദിച്ചതും മാതൃകാപരമായ പ്രവർത്തനമാണെന്ന് ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി കെ കെ ജനാർദനൻ എന്നിവർ അറിയിച്ചു.