Thu. Dec 26th, 2024

കൊച്ചി:

കാക്കനാട് നായയെ തല്ലിക്കൊന്ന് പിക്കപ് വാനിൽ കൊണ്ടുപോയത് മാംസ വില്പനയ്ക്കല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. നാട്ടുകാരുടെയും മൃഗസ്നേഹികളുടെയും പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നായയെ കൊല്ലാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നാണ് തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ വിശദികരണം.

കാക്കനാട് ഫ്ലാറ്റ് പരിസരത്ത് നിന്നും ഇന്നലെയാണ് മുന്നു നായകളെ കൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. നായകളെ പിടികൂടി കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം നാട്ടുകാര്‍ പോലീസിന് നല്‍കി അന്വേഷണം ആവശ്യപ്പെട്ടു. ഇത് ഹോട്ടലുകളിൽ മാംസ വില്പനയ്ക്ക് ആണോയെന്നായിരുന്നു നാട്ടുകാരുടെ സംശയം.

ഇതിനിടെ നായകളെ കൊന്നതിനെതിരെ മൃഗസ്നേഹികളും പോലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിനുശേഷം വില്പനയ്ക്കല്ലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തൃക്കാക്കര മുൻസിപ്പാലിറ്റി യുടെ നിർദ്ദേശപ്രകാരമാണ് നായയെ കൊന്നതെന്നാണ് പരാതിക്കാരായ മൃഗസ്നേഹികളുടെ ആരോപണം. കൂടുതല്‍ നായകളെ കൊന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. അതുകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപെടുന്നു.

നായകളെ കോല്ലാന്‍ നഗരസഭ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നഗരസഭയും അന്വേഷണം തുടങ്ങി. കൊന്ന നായകളെ കുഴിച്ചിട്ടത് നഗരസഭാ പരിസരത്തുതന്നെയെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. പൊലീസ് ജഡം പുറത്തെടുത്ത് വിശദപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

By Rathi N