Wed. Jan 22nd, 2025

ഗുരുവായൂർ:

ദേവസ്വം പഞ്ചാബ് നാഷനൽ ബാങ്കിൽ നിക്ഷേപിച്ച തുകയിൽ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തിൽ ബാങ്ക് ക്ലാർക്ക് ഗുരുവായൂർ പൂക്കോട് ആൽക്കൽ ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയിൽ പിഐ നന്ദകുമാർ (56) അറസ്റ്റിലായി. 46,040 രൂപ ഇയാളുടെ വീട്ടിൽനിന്നു കണ്ടെത്തി. പണം എടുത്തതു താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പ്രതിയെ ചാവക്കാട് കോടതി റിമാൻഡ് ചെയ്തു. ക്ഷേത്രത്തിൽ സ്വർണം, വെള്ളി ലോക്കറ്റുകളുടെ വിൽപനയിൽ ലഭിക്കുന്ന തുക ദിവസവും ഉച്ചയ്ക്ക് നന്ദകുമാർ ക്ഷേത്രത്തിലെത്തി ശേഖരിക്കും. ബാങ്കിൽ നിന്ന് സീൽ വച്ചുകൊണ്ടുവരുന്ന രസീതിൽ ദേവസ്വം ഏൽപിക്കുന്ന തുകയെഴുതി ദേവസ്വത്തിനു നൽകും.

എന്നാൽ ഈ പണം മുഴുവൻ ബാങ്കിൽ നിക്ഷേപിക്കാതെ തിരിമറി നടത്തുകയായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റും ദേവസ്വത്തിലെ രസീതും പരിശോധിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം 2019–20ൽ 16.16 ലക്ഷം രൂപയുടെ കുറവു കണ്ടെത്തി. വിശദ പരിശോധനയിൽ ഇതുവരെ 27.50 ലക്ഷത്തിന്റെ തിരിമറിയാണ് തെളിഞ്ഞത്.

ബാങ്കിന്റെ അന്വേഷണത്തിലും നന്ദകുമാർ കുറ്റം സമ്മതിച്ചതായി അറിയുന്നു. ബാങ്ക് ഇയാളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 16.16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചു. ബാക്കി തുക ഉടൻ നിക്ഷേപിക്കും.

അസി പൊലീസ് കമ്മിഷണർ കെജി സുരേഷ്, സിഐ യുപ്രേമാനന്ദ കൃഷ്ണൻ, എസ്ഐമാരായ കെഗിരി, സിആർ സുബ്രഹ്മണ്യൻ, സിപിഒ പ്രിയേഷ് എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

By Rathi N