Sun. Dec 22nd, 2024

കുട്ടനാട്:

കുട്ടനാട്ടിലേക്കുള്ള ചരക്കുവാഹനങ്ങൾ ഇന്നുമുതൽ അമ്പലപ്പുഴ–തിരുവല്ല റോഡിലൂടെ നീരേറ്റുപുറം, എടത്വ ഭാഗത്തെത്തി, കുട്ടനാട്ടിലൂടെ കടന്നുപോകുന്ന റോഡുകളിലൂടെ കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ്, പൂപ്പള്ളി ഭാഗങ്ങളിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കും. കെഎസ്ആർടിസി ബസുകൾ മുടക്കമില്ലാതെ എസി റോഡിലൂടെ സർവീസ് നടത്തും.

ചെറുപാലങ്ങൾ പൊളിച്ചു മാറ്റുമ്പോൾ പാലത്തിന്റെ ഇരുവശങ്ങളിലും ബസുകൾ എത്തുംവിധം സർവീസുകൾ ക്രമീകരിക്കും. പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതുവരെ യാത്രക്കാർക്കു ബസ് മാറിക്കയറി യാത്ര തുടരാൻ സാധിക്കും. എസി റോഡിലെ 13 ചെറുപാലങ്ങളാണ് 14 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നത്.

നിലവിൽ പാലങ്ങളുടെ തൂണുകളുടെ പൈലിങ് ജോലികളാണു നടക്കുന്നത്. പാറയ്ക്കൽ പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. മനയ്ക്കച്ചിറ, പള്ളിക്കൂട്ടുമ്മ, പൊങ്ങ, നെടുമുടി മാധവശേരി പാലങ്ങളുടെ പൈലിങ് ജോലികൾ പുരോഗമിക്കുന്നു.

ഒരു പാലം പൊളിച്ചാൽ 70 ദിവസംകൊണ്ടു പുനർനിർമിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യം കളർകോട് പക്കി പാലമാണു പൊളിച്ചു നിർമിക്കുക. പാലങ്ങൾ പൊളിക്കുമ്പോൾ വശങ്ങളിലൂടെ താൽക്കാലിക ബൈ റോഡ് സജ്ജീകരിക്കാൻ പാലത്തോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളുടെ ഉടമകളുടെ സഹകരണം ആവശ്യമാണ്.

നിലവിൽ പാറയ്ക്കൽ, കിടങ്ങറ ബസാർ, രാമങ്കരി, മങ്കൊമ്പ്, പണ്ടാരക്കുളം എന്നിവിടങ്ങളിൽ ബൈ റോഡ് നിർമിക്കാൻ ജലസേചനവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഒഴുക്കു തടസ്സപ്പെടാതിരിക്കാൻ ഈ ഭാഗത്ത് തൂമ്പുകൾ നിർമിക്കാൻ കുഴലുകളും എത്തിച്ചു.മനയ്ക്കച്ചിറയിൽ ബൈ റോഡിനു സ്ഥലമുണ്ടെങ്കിലും കുറച്ചു ഭാഗം സ്വകാര്യ ഭൂമിയിലൂടെയാണു കടന്നുപോകുന്നത്. ചില സ്ഥലങ്ങളിൽ ഭൂവുടമകൾ താൽക്കാലിക ബൈ റോഡ് നിർമിക്കാൻ സമ്മതിച്ചെങ്കിലും ഭൂമി വിട്ടുകൊടുത്താൽ തിരിച്ചുകിട്ടുമോ എന്ന് ആശങ്കയുള്ളവരുമുണ്ട്. ഇതു പരിഹരിക്കാൻ ഇടപെടുമെന്നു കലക്ടർ അറിയിച്ചു.

By Rathi N