Sat. Apr 27th, 2024
ചെറുതോണി:

‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ് യാഥാർഥ്യമായതുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളജിന്റെ ഇപ്പോഴത്തെ സ്ഥിതി.

മെഡിക്കൽ കോളജായി പ്രഖ്യാപിച്ചതിനാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിക്കുന്നതിനു ജില്ലാ പഞ്ചായത്തിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതേസമയം അംഗീകാരം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിനു ലഭിക്കേണ്ട ഫണ്ട് കിട്ടുന്നുമില്ല. ഫലത്തിൽ ആശുപത്രിയുടെ പ്രവർത്തനം പാടേ താളം തെറ്റുന്ന അവസ്ഥയാണ്.

ഒന്നര വർഷമായി കോവിഡ് ചികിത്സയുടെ പേരിൽ സേവനങ്ങളെല്ലാം സൗജന്യമായി നൽകുന്നതിനാൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ വരുമാനവും നിലച്ചു. ഇതോടെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ദൈനംദിന ചെലവുകൾ പ്രതിസന്ധിയിലാണ്.

മറ്റു നിത്യ ചെലവുകൾക്കു പോലും വഴിയില്ല. ആശുപത്രി പ്രവർത്തനവും രോഗികൾക്കു ലഭ്യമാകുന്ന വിവിധ തരം സേവനങ്ങളും പല തരത്തിൽ തടസ്സപ്പെട്ടു തുടങ്ങി.

By Divya