Wed. Jan 22nd, 2025
തൊടുപുഴ:

കൗൺസിലറുടെ സ്നേഹത്തണലിൽ ആറുവയസുകാരിക്ക് ആശ്വാസം. തൊടുപുഴ നഗരസഭ പതിനേഴാംവാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിക്ക് അമ്മക്കരുതലും സ്നേഹവും പകർന്നത്‌. തിങ്കളാഴ്ച രാവിലെ രോഗലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിയെ സ്വന്തം ഇരുചക്ര വാഹനത്തിലെത്തിയാണ് സബീന ആശുപത്രിയിൽ കോവിഡ് പരിശോധനയ്‌ക്ക് കൊണ്ടുപോയത്.

പിപിഇ കിറ്റണിഞ്ഞ് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. ഫലംവന്നതോടെ കുട്ടിക്ക് കോവിഡ് സ്ഥീകരിച്ചു. കുട്ടിയുടെ അഛന്‌ ദിവസങ്ങൾക്ക് മുമ്പ്‌ കോവിഡ് സ്ഥിരീകരിച്ചു.

ഞായറാഴ്ച അസുഖം മൂർഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയും ചികിത്സാ കേന്ദ്രത്തിലേക്ക് സഹായത്തിനായി മാറിയതോടെ കുട്ടി മുത്തശ്ശിക്കൊപ്പമായി. രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതോടെ പരിശോധനയ്ക്കായി മുത്തശ്ശി സബീനയെ ബന്ധപ്പെടുകയായിരുന്നു.

കുട്ടി പരിചയമില്ലാത്തവർക്ക് ഒപ്പം പോകില്ല എന്ന് മനസിലായതോടെ സബീന തന്നെ നേരിട്ടെത്തി. പേസിറ്റീവായതോടെ കുട്ടിയുടെ അഛൻ കഴിയുന്ന ഡിസിസി കേന്ദ്രത്തിലേക്ക് കുട്ടിയെ എത്തിച്ചശേഷമാണ് കൗൺസിൽ മടങ്ങിയത്. തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറാണ് സബീന ബിഞ്ചു.

By Divya