Wed. Jan 22nd, 2025

ആലപ്പുഴ:

ഒളിമ്പിക്‌സ്‌ ആരവങ്ങൾക്ക്‌ ആവേശമേകി മുൻ ഇന്ത്യൻ ഗോളി കെ ടി ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെയും ഫെഡറേഷൻ കപ്പിൽ പൊലീസിന്റെയും വലകാത്ത ‘പറക്കും ചാക്കോ’യെ നിറഞ്ഞ മനസോടെയാണ്‌ വരവേറ്റത്‌. പൊലീസിൽ എസ്‌പിയായി വിരമിച്ച ചാക്കോ ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷൻ സംഘടിപ്പിച്ച ഷൂട്ട്‌ @ ഗോൾ പെനാൽറ്റി കിക്ക്‌ ഉദ്‌ഘാടനം ചെയ്യാനാണ്‌ എത്തിയത്‌.

ഒളിമ്പിക്‌സ്‌ വിളംബരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ്‌ പെനാൽറ്റി കിക്ക്‌ മത്സരം. പത്തനംതിട്ട സ്വദേശിയായ ചാക്കോ എൺപതുകളിലും തൊണ്ണൂറുകളിലും ഫുട്‌ബോൾ മൈതാനങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. ജൂനിയർ ഇന്ത്യയ്‌ക്ക്‌ കളിച്ചതിനുപിന്നാലെയാണ്‌ ഈ തിരുവല്ലക്കാരൻ പൊലീസിൽ ചേർന്നത്‌.

ഐ എം വിജയൻ, സി വി പാപ്പച്ചൻ, വി പി സത്യൻ, യു ഷറഫലി, കുരികേശ് മാത്യു, തോബിയാസ്, ലിസ്‌റ്റൺ തുടങ്ങിയവർ കളിച്ച ടീമിലംഗമായിരുന്നു. 1991-, 92- വർഷങ്ങളിൽ ഫെഡറേഷൻ കപ്പ്‌ നേടിയ പൊലീസ് ടീമിന്റേയും 1992–93 ൽ സന്തോഷ് ട്രോഫി ഉയർത്തിയ കേരള ടീമിന്റെയും ഗോൾകീപ്പറായിരുന്നു. ഇന്ത്യയ്‌ക്കുവേണ്ടി പ്രസിഡന്റ്സ് കപ്പ്, നെഹ്റുകപ്പ്, സാഫ് കപ്പ്, സൂപ്പർ സോക്കർ കപ്പ് എന്നിവയിലും കളിച്ചു.

ഷൂട്ട്‌ @ ഗോൾ ഉദ്‌ഘാടനം ചെയ്‌തതിനു പിന്നാലെ മാധ്യമ പ്രവർത്തകരും ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ താരങ്ങളും തമ്മിലുള്ള മത്സരത്തിലും ചാക്കോ കളിച്ചു. സ്‌പാനിഷ്‌ ദേശീയ ജഴ്സി അണിഞ്ഞ്‌ കളത്തിലിറങ്ങിയ ഈ ഗോളി മാധ്യമപ്രവർത്തകരുടെ ടീമിനു വേണ്ടി മുന്നേറ്റക്കാരനായാണ്‌ കളിച്ചത്‌. ജില്ലാതല ഉദ്‌ഘാടന സമ്മേളനത്തിൽ ഒളിമ്പിക്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി ജി വിഷ്‌ണു അധ്യക്ഷനായി

By Rathi N