Fri. Nov 22nd, 2024

ചേർത്തല:

മഴ പെയ്താൽ വീട്ടിൽ മുട്ടോളം വെള്ളമാണ്. കനത്ത മഴയിൽ കഴുത്തോളം വെള്ളം ഉയർന്നിട്ടും അതെല്ലാം സഹിച്ചു കഴിയുകയാണ് ചേർത്തല നഗരസഭ 26–ാം വാർഡ് നികർത്തിൽ ഷൈനിയും കുടുംബവും. ഒട്ടെറെ പരാതികൾ നൽകിയിട്ടും വാഗ്ദാനം മാത്രമാണ് മറുപടിയെന്നും ഷൈനി പറയുന്നു.

മൂന്നു പെൺകുട്ടികളാണ് ഷൈനിക്ക്. വീട്ടുജോലി ചെയ്തും കടകളിൽ ജോലി ചെയ്തുമാണ് കുടുംബം പോറ്റുന്നത്. നിസഹായത മൂലം ഇളയ രണ്ടു പെൺകുട്ടികളെ ബാലികാ സദനത്തിലാക്കി.

മൂത്ത മകൾ മാത്രമാണ് ഒപ്പമുള്ളത്.കൊവി‍ഡ് വന്നതിനെ തുടർന്ന് ഷൈനിക്ക് രണ്ടു മാസം മുൻപ് ജോലി നഷ്ടപ്പെട്ടു. റേഷനരി മാത്രമാണ് ആശ്രയം. ഒരു നേരം മാത്രമാണ് ഭക്ഷണം . ഷൈനി 2000ത്തിലാണ് പലരുടെയും സഹായത്തോടെ 5 സെന്റ് സ്ഥലം വാങ്ങി വീട് നിർമിച്ചത്.

പ്ലൈവുഡ് കൊണ്ടു മറച്ച്, ഓടിട്ടതാണ് വീട്. ഓരോ മഴയിലും പ്ലൈവുഡ് ഭാഗങ്ങൾ ദ്രവിച്ചുപോകുകയാണ്. വീടിന് അകത്തും ചുറ്റും വെളളമാണ്. ഉപകരണങ്ങൾ പലതവണ നശിച്ചു.ശുചിമുറിയും ഉപയോഗിക്കാനാകുന്നില്ല.

ഇവിടെ നിന്നുള്ള വെള്ളം തോട്ടിലേക്കു പോകാൻ ചെറിയ പൈപ്പാണ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളം പോകുന്നത് വൈകും. വെള്ളക്കെട്ട് മൂലം ചർമ്മരോഗങ്ങളുണ്ടാകുന്നു.

ഇഴജന്തുക്കളും പതിവാണ്. ഇഴജന്തുക്കൾ കയറിയോ എന്ന് ചുറ്റും നീരീക്ഷിച്ച ശേഷമാണ് വാതിൽ അടച്ച് ഉറങ്ങാൻ കിടക്കുന്നത്. ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും നിർമാണം തുടങ്ങാൻ തടസങ്ങൾ ഏറെയാണ് .

ഗ്രാവലോ കെട്ടിട അവശിഷ്ടങ്ങളോ ഉപയോഗിച്ച് സ്ഥലം ഉയർത്താനായാൽ പകുതി ആശ്വാസമാണ്. വീട്ടിൽ നിന്ന് തോട്ടിലേക്കു വെള്ളമൊഴുകുന്ന പൈപ്പ് വലുതാക്കുകയും വേണം. നഗരസഭ അധികൃതരെ അറിയിച്ചിട്ടുണ്ട്.ബാബു മുള്ളൻചിറ , വാർഡ് കൗൺസിലർ.

By Rathi N