Thu. Jan 23rd, 2025
അടൂർ:

അടൂർ നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം, ഏറത്ത്, കടമ്പനാട് വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുന്നത്. ഓരോ വില്ലേജ് ഓഫിസിനും 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

നേരത്തേ പന്തളം, കുരമ്പാല, തുമ്പമൺ, ഏനാത്ത് വില്ലേജ് ഓഫിസുകളാക്കി നിർമാണം പൂർത്തീകരിച്ചിരുന്നു. പള്ളിക്കൽ വില്ലേജിൽ പുതിയ കെട്ടിടം നിർമിച്ചിരുന്നു. അതും സ്മാർട്ടാക്കുന്നതിന് പണം അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും ചിറ്റയം പറഞ്ഞു.

പെരിങ്ങനാട് വില്ലേജ് ഓഫിസും സ്മാർട്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായി നടപടി സ്വീകരിക്കാമെന്ന് മന്ത്രിയിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അതുകൂടി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളും സമ്പൂർണമായി സ്മാർട്ട് വില്ലേജായി മാറുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.

ഫ്രണ്ട് ഓഫിസ്, വില്ലേജ് ഓഫിസര്‍ക്കും ജീവനകാര്‍ക്കും പ്രത്യേകം കാബിനുകള്‍, സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍, സാധാരണ ശുചിമുറികള്‍ക്ക് പുറമെ ഭിന്നശേഷികാര്‍ക്ക് പ്രത്യേകം ശുചി മുറികളും റാമ്പ് സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോഡ്​ റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ നിര്‍മിക്കുന്നത്.

പദ്ധതി അടിയന്തരമായി ടെന്‍ഡര്‍ ചെയ്യുന്നതിന് സംസ്ഥാന നിര്‍മിതി കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചിറ്റയം പറഞ്ഞു.

By Divya