Mon. Dec 23rd, 2024
മൂന്നാർ:

ദുരന്തമേഖലയിൽനിന്ന്‌ സന്ദേശങ്ങൾ കൈമാറുന്നതിന് സാറ്റലൈറ്റ് ഫോൺ റെഡി. ഇതിനായി ഇമ്മർസാറ്റ് കമ്പനിയുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് അനുവദിച്ച മൂന്ന് ഫോണുകൾ മൂന്നാർ, ദേവികുളം പൊലീസ് സ്റ്റേഷനുകൾക്കും ഡിവൈഎസ്‌പി ഓഫീസിനും കൈമാറി‌.

ഏത് പ്രതികൂല കാലാവസ്ഥയിലും സാറ്റലൈറ്റ് ഫോൺ പ്രവർത്തനസജ്ജമായിരിക്കും. ടവർ ലൊക്കേഷൻ തേടി പോകേണ്ടതില്ല. കഴിഞ്ഞ ആഗസ്‌തിൽ നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന്റെ വിവരങ്ങൾ പുറംലോകത്ത് എത്തിക്കുന്നതിൽ കാലതാമസമുണ്ടായത്‌ ദുരന്തവ്യാപ്തി വർധിക്കാനിടയാക്കിയിരുന്നു. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്‌.

ദുരന്തപ്രദേശങ്ങളിൽനിന്ന്‌ ഏത് മേഖലകളിലേക്കും സാറ്റലൈറ്റ് ഫോൺ മുഖേന വിവരം കൈമാറാം. കൂടാതെ പുറമെനിന്ന്‌ സാറ്റലൈറ്റ് ഫോണിലേക്ക് വിളിക്കാമെന്ന പ്രത്യേകതയുമുണ്ട്‌. ബിഎസ്എൻഎൽ വഴിയാണ് സേവനം ലഭ്യമാക്കുന്നത്.

ദേവികുളം സബ് കലക്ടർ രാഹൃൽ കൃഷ്‌ണ ശർമ്മയുടെ നിർദേശപ്രകാരം ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനവും നൽകി. പൊലീസ്, റവന്യു, സന്നദ്ധപ്രവർത്തകർ, ദുരിതാശ്വാസ പ്രവർത്തകർ എന്നിവരാണ് ക്ലാസിൽ പങ്കെടുത്തത്. പൊലീസ് ടെലി കമ്യൂണിക്കേഷൻ എഎസ്ഐ എൽബി വി വർക്കി, സിപിഒ കെ എച്ച് ഷെഫീക്ക് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

By Divya