Thu. Jan 23rd, 2025

പാലക്കാട്:

ഒരു കിലോഗ്രാം കോഴിയിറച്ചിയുടെ വില 230–250 രൂപ! ഇറച്ചിക്കോഴിക്ക് 155–165 രൂപയും. ഇറച്ചിക്കോഴിയുടെയും കോഴിയിറച്ചിയുടെയും വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞു പെരുന്നാൾ വിപണി. ആവശ്യത്തിനു കോഴികൾ ലഭിക്കാനില്ലെന്നു വ്യാപാരികൾ. അവസരം മുതലെടുത്തു തമിഴ്നാടൻ ലോബിയുടെ വില നിർണയവും.

കൊവിഡ് പ്രതിസന്ധിയും കോഴിത്തീറ്റയുടെ വില വർധനയും പ്രാദേശിക ഫാമുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതോടെയാണു വില കത്തിക്കയറിയത്. കഴിഞ്ഞമാസം ഇറച്ചിക്കോഴി കിലോഗ്രാമിനു ശരാശരി 80–90 രൂപയായിരുന്നു വില. കോഴിയിറച്ചിക്ക് 140 രൂപയും.

കൊവിഡ് പ്രതിസന്ധിക്കിടയിൽ പ്രാദേശിക ഫാമുകളിൽ നിന്നു കോഴികൾ വളരെയധികം വിറ്റഴിച്ചിരുന്നു. നഷ്ടം സഹിച്ചായിരുന്നു വിൽപനയെന്നു കർഷകർ പറയുന്നു. കോഴിക്ക് ഒരു കിലോഗ്രാം തൂക്കം വരണമെങ്കിൽ ഉൽപാദന ചെലവ് 95 രൂപയോളം വരും. ഇതാണു എഴുപതും എൺപതും രൂപയ്ക്കു കൊടുത്തിരുന്നത്.

ഇതിനിടയിൽ 50 കിലോഗ്രാമിന്റെ കോഴിത്തീറ്റ ചാക്കിന് 1350 രൂപയിൽ നിന്നു രണ്ടായിരം കടന്നു. ഇതോടെ പലരും കോഴിവളർത്തൽ താൽക്കാലികമായി നിർത്തി. പെരുന്നാൾ സീസൺ അടുത്തതോടെ ആവശ്യത്തിനു കോഴികളെയും കിട്ടാതായി. ഈ അവസരം മുതലെടുത്തു തമിഴ്നാട്ടിലെ കോഴി കർഷകർ വില കൂട്ടിയെന്നു വ്യാപാരികൾ പറഞ്ഞു.

തമിഴ്നാട്ടിൽ ആഴ്ചകൾക്കു മുൻപ് ഒരു കിലോഗ്രാം കോഴിക്ക് 50 മുതൽ 70 രൂപവരെ വിലയുണ്ടായിരുന്ന സ്ഥാനത്തു കഴിഞ്ഞ ദിവസം 125 രൂപ വരെയായി. ഇവിടേക്കുള്ള ഗതാഗത ചെലവും കൂടി കണക്കാക്കുമ്പോൾ ചുരുങ്ങിയത് 155 രൂപയെങ്കിലും ലഭിക്കണമെന്നു വ്യാപാരികൾ പറയുന്നു. മൊത്ത വിതരണ കേന്ദ്രങ്ങളിൽ 165 രൂപവരെ വിലയുണ്ടെങ്കിൽ ചില്ലറ വിപണികളിൽ 180 രൂപവരെ വില ഈടാക്കുന്ന സ്ഥിതിയുണ്ട്.

കേരളത്തിൽ കോഴിക്കു ക്ഷാമം വന്നതോടെ തമിഴ്നാട്ടിലെ കർഷകർ വില കൂട്ടി. കൃഷ്ണഗിരി, പല്ലടം, ഹൊസൂർ, ഉദുമൽപേട്ട എന്നിവിടങ്ങളിലെ കോഴികളാണു കേരളത്തിലേക്കു വരുന്നതിൽ കൂടുതലും. പ്രതിദിനം മുപ്പതിലേറെ ലോഡുകൾ അതിർത്തി കടക്കുന്നുണ്ടെന്നു വ്യാപാരികൾ പറഞ്ഞു.

തമിഴ്നാട്ടിൽ വില വർധിക്കുന്നതോടെ വരും ദിവസങ്ങളിൽ ഇവിടെയും വില വർധനയുണ്ടാകുമെന്നും വ്യാപാരികൾ പറഞ്ഞു.

By Rathi N