Reading Time: < 1 minute

വയനാട്:

വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി. വയനാട് അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണി ( 48) ആണ് വിഷം കഴിച്ച്  മരിച്ചത്. കട ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ബസ് ഓടാത്തതിനാൽ രാജാമണി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ഞായറാഴ്ച ഉറ്റസുഹൃത്തിനെ ഫോണില്‍ വിളിച്ച് രാജമണി പറഞ്ഞു -‘എനിക്ക് റീത്ത് വെക്കണം; ഞാന്‍ പോകുവാണ്​’. താൻ വിഷം കഴിച്ചതായി ഇതിനുപിന്നാലെ സുഹൃത്തിനെ വിളിച്ച്​ പറയുകയും ചെയ്​തു. രണ്ടാമത്തെ ഫോൺ വന്ന ഉടന്‍ തന്നെ സുഹൃത്ത്​ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന്​ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ രാജമണിയെ കണ്ടെത്തിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജമണിയുടെ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ്​ രാജമണി മരിച്ചത്​.

കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിൻറെ ഉടമയാണ് രാജാമണി.ബസ്​ സർവിസിൽനിന്നുള്ള വരുമാനമായിരുന്നു രാജാമണിയുടെ ജീവിതമാർഗം. മാസങ്ങളായി ബസ് സർവിസ് നടക്കാതിരുന്നതോടെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ രാജമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. ​ഞായറാഴ്ച ഇവരിൽ ഉൾപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചുപറഞ്ഞാണ്​ രാജമണി വിഷം കഴിച്ചത്​.

Advertisement