Wed. Jan 22nd, 2025

ആലപ്പുഴ:

ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ സ്ഥലം ഏറ്റെടുക്കൽ നടന്നു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിലുള്ള 4.12 സെന്റ് ഭൂമിയാണ് ഇന്നലെ നഷ്ടപരിഹാരം നൽകി പൂർണമായി ഏറ്റെടുത്തത്. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പുതിയ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ആദ്യ സ്ഥലമാണിത്.

43,67,150 രൂപയാണ് ഭൂവുടമയ്ക്കു നഷ്ടപരിഹാരമായി ബാങ്ക് അക്കൗണ്ടിലേക്കു നൽകിയത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിനു കീഴിലുള്ള തൃക്കുന്നപ്പുഴ വില്ലേജിലെ ഭൂമിയുടെയും നടപടി പൂർത്തിയാക്കി നഷ്ടപരിഹാരം നൽകാൻ തയാറായിട്ടുണ്ട്. ചേർത്തലയിലെ ഒരു ഭൂമിയുടെ രേഖാപരിശോധന കഴിഞ്ഞെങ്കിലും അവിടെയുണ്ടായിരുന്ന കെട്ടിടത്തിന്റെ നഷ്ടപരിഹാരം കണക്കാക്കിയിട്ടില്ലാത്തതിനാൽ തിരുത്തി നൽകാൻ നിർദേശിച്ചിരുന്നു.

ഈ നടപടി പൂർത്തിയായാലുടൻ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുക്കും. ജില്ലയിൽ തുറവൂർ മുതൽ കൃഷ്ണപുരം വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിനു ദേശീയപാത അതോറിറ്റി ആദ്യഘട്ടമായി 618 കോടി രൂപ അനുവദിച്ചിരുന്നു. 681 പേർക്കുള്ള നഷ്ടപരിഹാരമാണ് അനുവദിച്ചതെന്നായിരുന്നു ആദ്യം ദേശീയപാത അതോറിറ്റി അറിയിച്ചത്.

എന്നാൽ, കണക്കു കൂട്ടിയപ്പോൾ ദേശീയപാത അതോറിറ്റി ആദ്യം അംഗീകരിച്ച പട്ടികയിലുള്ള 681 പേർക്കു വിതരണം ചെയ്യാൻ 200 കോടിയോളം രൂപ മതിയാകുമെന്നും 618 കോടി രൂപ ഉപയോഗിച്ച് കൂടുതൽ ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകാൻ കഴിയുമെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം, ഈ തുകയ്ക്ക് അർഹരായ രണ്ടായിരത്തോളം ഭൂവുടമകളുടെ പട്ടിക ജില്ലയിലെ ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗത്തിനു ദേശീയപാത അതോറിറ്റി കൈമാറുകയും ചെയ്തു. ആകെ ഏകദേശം 8250 ഭ‍ൂവുടമകൾക്കാണ് ഇതുവരെ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ പ്രകാരം നഷ്ടപരിഹാരം നൽകേണ്ടത്.

ഇതിൽ നാലിലൊന്നു പേർക്ക് ആദ്യഘട്ട നഷ്ടപരിഹാരം നൽകാൻ കഴിയും. ജില്ലയിലെ 112 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഏകദേശം 3200 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടവരുടെ പട്ടികയിൽ കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയാകാത്തതിനാൽ ഓരോ താലൂക്കിലും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർമാർക്കു പ്രത്യേക ചുമതല നൽകിയിരുന്നു.

ഇവർ ഇരുന്നൂറോളം കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയാക്കി ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗത്തിനു കൈമാറി. ഇതിൽ ഷെഡുകളും മതിലുകളും മുതൽ ഷോപ്പിങ് കോംപ്ലക്സുകൾ വരെയുണ്ട്.

By Rathi N