Fri. Nov 22nd, 2024

ആലപ്പുഴ:

വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങി വകുപ്പുകൾ ചുമത്തി കേസെടുത്തത്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവർ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

പേരിനു സാമ്യം ഉള്ള മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻറ് നമ്പർ ഉപയോഗിച്ചായിരുന്നു ഇവര്‍ ആൾമാറാട്ടം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എൻറോൾമെന്റ് നമ്പർ നൽകി അംഗംത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് സെസി സേവ്യർ ഒളിവിലാണ്.

അതേസമയം ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കി. രണ്ടര വർഷമായി ജില്ലാ കോടതിയിൽ ഉൾപ്പടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം അസോസിയേഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തിൽ നിന്നാണ് വ്യാജരേഖകൾ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിച്ചത്. സെസ്സി ഉപയോഗിക്കുന്ന റോൾ നമ്പർ വ്യാജമാണെന്ന് കത്തിൽ നമ്പർ സഹിതം വ്യക്തമാക്കിയിരുന്നു.

By Rathi N