Mon. Dec 23rd, 2024

വാടാനപ്പള്ളി

തുടർച്ചയായി ഏഴ് വർഷവും നൂറിൽ നൂറ് വിജയം. അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി. വാടാനപ്പള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതല വഹിച്ച കഴിഞ്ഞ ഏഴ് വർഷവും എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം സമ്മാനിച്ചാണ്,  മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള അബ്ദുൾ ഖാദർ സ്കൂളിൽനിന്ന് വിരമിക്കുന്നത്. 

പരീക്ഷയെഴുതിയ 66 വിദ്യാർത്ഥികളും വിജയിച്ചപ്പോൾ ഏഴ് പേർക്ക് എ പ്ലസ് നേടാനുമായി. അബ്ദുൾഖാദർ മാഷ് പ്രധാനാധ്യാപകനായി ചുമതലയേൽക്കുന്നതുവരെ വിജയ ശതമാനം കുറവായിരുന്ന സ്കൂളിൽ പിന്നീടുള്ള വർഷങ്ങളിൽ നൂറിൽ നൂറ് എന്ന മിന്നുന്ന വിജയശതമാനമാണ് അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെ നേടിയത്. വീട്ടുപരിസരങ്ങൾ കോർണർ ക്ലസ്റ്ററുകളായി തിരിച്ച് കോർണർ പിടിഎ എന്ന പുതിയ ആശയം രൂപപ്പെടുത്തി.

തുടർന്ന് ഓരോ പിടിഎയും യോഗം ചേർന്ന് ഓരോ കുട്ടിയും ഏത് വിഷയത്തിലാണ്‌ പിറകിലെന്ന് കണ്ടെത്തി അവർക്ക് പ്രത്യേകം കോച്ചിങ്‌ ക്ലാസ് നൽകുകയും മുഴുവൻ വിദ്യാർത്ഥികൾക്കും രാത്രി കാല  ക്ലാസുകൾ നൽകുകയും ചെയ്തു. ഇത് ഏറെ   പ്രശംസ പിടിച്ചുപറ്റി. മാത്രമല്ല, തുടർച്ചയായ ഏഴ് കൊല്ലവും സ്കൂളിന് നൂറുശതമാനം എന്ന മിന്നുന്ന  വിജയം നേടാനും സാധിച്ചു.

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയ്‌ക്കുശേഷമാണ് കെഎസ്ടിഎയുടെ  പ്രവർത്തകൻകൂടിയായ അബ്ദുൾ ഖാദർ   വിരമിച്ചത്.

By Rathi N