തിരുവനന്തപുരം:
സംസ്ഥാന സാക്ഷരത മിഷൻ പേട്ടയിൽ ആസ്ഥാനമന്ദിരം പണിതത് സർക്കാർ അനുവദിച്ചതിലും കൂടുതൽ സ്ഥലം കൈയേറിയെന്ന് തിരുവനന്തപുരം കോർപറേഷൻ. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ പേട്ടയിലെ മൊത്തം ഒരു ഏക്കർ 40 സെൻറ് സ്ഥലത്തിൽ 16 സെൻറിൽ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള അനുമതിയാണ് സർക്കാർ സാക്ഷരത മിഷന് നൽകിയത്. എന്നാൽ 43 സെൻറ് കൈയേറി കെട്ടിടം നിർമിച്ചുവെന്നാണ് കോർപറേഷെൻറ കണ്ടെത്തൽ.
കെട്ടിടനിർമാണത്തിെൻറ കാര്യത്തിലും ഗുരുതര ക്രമക്കേടാണ് സാക്ഷരത മിഷൻ നടത്തിയത്. 16 സെൻറ് സ്ഥലത്ത് 7000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനാണ് സർക്കാറിൽ നിന്നുള്ള അനുമതി. എന്നാൽ ഇത് ലംഘിച്ച് സാക്ഷരത മിഷൻ പണികഴിപ്പിച്ചത് 13654 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ്.
കോർപറേഷെൻറ അനുമതി വാങ്ങാതെയാണ് 2018 േമയ് മാസം കെട്ടിടനിർമാണം തുടങ്ങിയത്. ഇതിനായി 2018 ഫെബ്രുവരിയിൽ കോർപറേഷനിൽ അപേക്ഷ നൽകിയെങ്കിലും കെട്ടിട നിർമാണ ചട്ടങ്ങൾക്ക് അനുസൃതം അല്ലാത്തതിനാൽ നിരസിച്ചു. മുഖ്യമന്ത്രിയായിരുന്നു അന്ന് തറക്കല്ലിടൽ കർമം നിർവഹിച്ചത്.
കെട്ടിടത്തിെൻറ പണി ഏതാണ്ട് പൂർത്തിയായ ശേഷം 2019 മാർച്ച് 30 നാണ് വീണ്ടും നിർമാണ അനുമതിക്കായി സാക്ഷരത മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല കോർപറേഷനിൽ അപേക്ഷ സമർപ്പിച്ചത്.
സർക്കാറിെൻറ 43 സെൻറ് സ്ഥലം കൈയേറ്റം നടത്തിയെന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ നിർമാണ അനുമതി നിഷേധിച്ചുള്ള വിവരം കോർപറേഷെൻറ എൻജിനീയറിങ് വിഭാഗം 2019 ജൂലൈ 26ന് സാക്ഷരത മിഷൻ ഡയറക്ടറെ അറിയിച്ചു. തുടർന്ന് ഇതേ ആവശ്യം അറിയിച്ച് സാക്ഷരത മിഷൻ കത്ത് നൽകിയെങ്കിലും 2020 ജൂൺ എട്ടിനും അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടിയാണ് നഗരസഭ നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
2019 ഒക്ടോബറിൽ ആണ് കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ് ആണ് നിർമാണം ഏറ്റെടുത്തുനടത്തിയത്. ആസ്ഥാന മന്ദിരം നിൽക്കുന്ന സ്ഥലത്ത് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിെൻറ പുസ്തക ഡിപ്പോ ആയിരുന്നു. ഈ കെട്ടിടം പൊളിക്കാൻ സാക്ഷരത മിഷന് സർക്കാർ അംഗീകാരം കിട്ടിയിരുന്നുവെന്ന കാര്യത്തിലും വ്യക്തത ഇല്ല.
ഈ കെട്ടിടം പൊളിച്ചപ്പോൾ തേക്ക്, ഈട്ടി തടികളിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും മറ്റുമായി നിർമിച്ച കോടിക്കണക്കിന് രൂപയുടെ സാമഗ്രികൾ കടത്തിയെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. അതേസമയം ഫയർഫോഴ്സിെൻറ സർട്ടിഫിക്കറ്റ് കൂടി കിട്ടുന്നതോടെ കോർപറേഷൻ അനുമതിയും ലഭിക്കുമെന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സാക്ഷരത മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല പറഞ്ഞു.