Mon. Dec 23rd, 2024

എളങ്കുന്നപ്പുഴ∙

ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാപാർക്ക് 4 വർഷത്തിനുള്ളിൽ  പുതുവൈപ്പിൽ സ്ഥാപിക്കാൻ നീക്കം. വിനോദത്തോടൊപ്പം വിജ്ഞാനവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വൻ വികസനത്തിനു വഴിയൊരുക്കും. ഇതിനുള്ള നടപടി  ആരംഭിക്കാൻ  പുതുവൈപ്പ് സെന്റർ ഫോർ മറൈൻ റിസോഴ്‌സസ് ലിവിംഗ് ആൻഡ് എക്കോളജിയിൽ (സിഎംആർഎൽഇ ) നടന്ന യോഗത്തിൽ ഫിഷറീസ്  മന്ത്രി സജി ചെറിയാൻ ഉദ്യോഗസ്ഥർക്ക്  നിർദേശം നൽകി.

ബാഹ്യ കൺസൽട്ടന്റ് ഏജൻസിയുടെ  സഹായം തേടാനും  പ്രധാനമന്ത്രി  മത്സ്യസമ്പാദ്യയോജന പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാക്കാനുംതീരുമാനിച്ചു. ഓഷ്യനേറിയം പദ്ധതി വൻതോതിൽ തൊഴിലവസരങ്ങളും ഒരുക്കും. മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം മികച്ച ക്ഷേമം പദ്ധതി ഉറപ്പാക്കും.

തീരത്തിന്റെയും സമുദ്ര ജീവികളുടെയും സംരക്ഷണം, ഇതേക്കുറിച്ചുള്ള അവബോധം, ഗവേഷണാവസരങ്ങൾ എന്നിവയ്‌ക്കെല്ലാം പദ്ധതി അവസരമൊരുക്കും. പുതുവൈപ്പിൽ 133 ഏക്കറിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് 250 കോടി രൂപയാണ്.

4 വർഷമാണ് പദ്ധതി നിർവഹണ കാലാവധി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ പങ്കാളിത്വത്തിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തികവർഷത്തിൽ 12 .5 കോടി രൂപ് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

ഓഷ്യനേറിയത്തിനു പുറമേ വിവിധ കണ്ടൽ ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഉൾക്കൊള്ളുന്ന കണ്ടൽ ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സമുദ്രോൽപന്ന സംസ്‌കരണം, സീ ഫുഡ് റസ്റ്റോറന്റ് , മത്സ്യക്കൃഷി പ്രദർശന യൂണിറ്റ്, ഫിഷറീസ് പരിശീലന കേന്ദ്രങ്ങൾ, മ്യൂസിയം , മറൈൻ എന്റർടൈൻമെന്റ് ആൻഡ് സ്‌പോർട്‌സ്, ഫിഷറീസ് സ്റ്റാർടപ്പ്, അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സ്   തുടങ്ങി വിവിധ ഘടകപദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര അക്വാപാർക്ക് എന്ന സമീപനമാണ്  റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്. 

കോസ്റ്റൽ ഏരിയ ഡവലപ്‌മെന്റ്  കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷേക്ക്പരീതാണ് പദ്ധതി ചെയർമാൻ. ഫിഷറീസ്  ജോയിന്റ് ഡയറക്ടർ ഡോ ആഷാ അഗസ്റ്റിൻ  കൺവീനറും.

By Rathi N