ചെറുതോണി:
കുഴിയിലിരിക്കുന്ന കഞ്ഞിക്കുഴി വില്ലേജ് ഓഫിസിൽ എത്തണമെങ്കിൽ കടമ്പകൾ ഏറെ. റോഡിൽനിന്ന് പടികളിറങ്ങി വേണം വില്ലേജ് ഓഫിസിലെത്താൻ. ചേലച്ചുവട് -വണ്ണപ്പുറം റോഡിൽ കഞ്ഞിക്കുഴി ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ റോഡിനു താഴെയാണ് വില്ലേജ് ഓഫിസ് കെട്ടിടം.
മഴ പെയ്താൽ റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളവും പടികളിലൂടെ ഒഴുകിയിറങ്ങി വില്ലേജ് ഓഫിസിൻ്റെ മുറ്റവും ചളിക്കുളമാക്കുന്നതും പതിവാണ്. ഓഫിസിലെത്താൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രായം ചെന്നവരാണ്.
ഊന്നുവടി കുത്തിയാലും ഒരാൾ സഹായിച്ചാലെ താഴെക്കിറങ്ങാൻ കഴിയൂ. കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനസംഖ്യ 18 വാർഡുകളിലായി നാൽപതിനായിരത്തോളം വരും. നിന്നുതിരിയാൻപോലും സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. റോഡിനു സമാന്തരമായി വില്ലേജ് ഓഫിസ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.