Sat. Jan 18th, 2025
കൊല്ലം:

അവളുടെ കരച്ചിലിന്‌ നിഷേധിക്കപ്പെട്ട കരുതലിൻ്റെ നൊമ്പരമായിരുന്നു. ജനിച്ച്‌ മണിക്കൂറുകൾക്കകം ഉറ്റവർ വേണ്ടെന്നു വച്ചതിനാൽ അനാഥത്വം പേറിയവൾ. മൂന്നുദിവസം മുമ്പ്‌ വിക്‌ടോറിയ ആശുപത്രി അങ്കണത്തിലെ അമ്മത്തൊട്ടിലിൽനിന്ന് അധികൃതർ‌ മാറോട്‌ ചേർത്തപ്പോൾ അവൾ കരുതലിന്റെ ചൂടറിഞ്ഞു.

ജില്ലയിൽ അമ്മത്തൊട്ടിൽ ആരംഭിച്ചതിനു ശേഷം ലഭിക്കുന്ന നാൽപ്പതാമത്തെ കുട്ടിയാണ്‌ ഈ കുഞ്ഞുമാലാഖ. ലോക്‌ഡൗണായ ശേഷം കിട്ടുന്ന പതിനഞ്ചാമത്തെ കുഞ്ഞും. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്നത് കൊല്ലം ജില്ലയിലാണ്.

കുഞ്ഞിനെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിക്ടോറിയ ആശുപത്രി ആർഎംഒ അനുവിൽനിന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഷൈൻദേവ്, സെക്രട്ടറി ബാലൻ എന്നിവർ ചേർന്നാണ്‌ കുഞ്ഞിനെ ഏറ്റുവാങ്ങിയത്‌.

By Divya