Sun. Jan 19th, 2025

വരാപ്പുഴ ∙

ദേശീയപാതയിൽ കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാറുമായി കൂട്ടിയിടിച്ച്, സിഎൻജി ഗ്യാസ് സിലണ്ടറുകൾ‍ കയറ്റി വന്ന ടാങ്കർ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ടാങ്കറിലെ സിലണ്ടറുകളിൽ നിന്നു ഗ്യാസ് ചോർന്നതിനെ തുടർന്നുള്ള ആശങ്കയിൽ പ്രദേശവാസികളെയും വാഹനങ്ങളെയും ഒഴിപ്പിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്നു മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിൽ ചോർച്ച പരിഹരിച്ചു.

അപകടത്തിൽപെട്ട കാർ യാത്രികർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.20നാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിൽ എതിരെ വന്ന കാറിൽ ഇടിച്ച് റോഡിലേക്കു മറിഞ്ഞതിനെ തുടർന്നാണ് ടാങ്കറിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകൾ ചോർന്നത്.

പ്രദേശവാസികളും വാഹനയാത്രികരും അപകടം കണ്ട് ഓടിക്കൂടിയെങ്കിലും ഗ്യാസ് ചോർന്നതോടെ എല്ലാവരെയും പ്രദേശത്തു നിന്നു മാറ്റുകയായിരുന്നു. എറണാകുളത്ത് നിന്നു കോഴിക്കോടേക്കു പോകുകയായിരുന്ന ടാങ്കറിൽ 40 ഗ്യാസ് സിലണ്ടറുകളാണുണ്ടായിരുന്നത്. സിലണ്ടറുകളുടെ വാൽവ് പൊട്ടിയതാണ് ഗ്യാസ് ചോർച്ചയ്ക്കു കാരണമായത്.

പറവൂർ, ഏലൂർ, ആലുവ ഭാഗത്ത് നിന്നു സ്ഥലത്തെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ വെള്ളം അടിച്ച് ഗ്യാസ് പരക്കുന്നതിന്റെ തീവ്രത ഒഴിവാക്കി. തുടർന്നു റോഡിൽ നിന്നും പരിസരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിവാക്കി. സിഎൻജി കമ്പനിയിൽ നിന്നുള്ള വിദഗ്ധർ എത്തിയാണു ചോർച്ച തടഞ്ഞത്.

By Rathi N