Fri. Apr 19th, 2024

കളമശേരി:
ഇടപ്പള്ളി കൂനംതൈയിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം. വീട് ഒരടിയോളം താഴുകയും താഴെ നിലകളിലെ ഭിത്തികൾ തകർന്ന് മുകളിലെ നിലകൾ അടുത്തവീടിനു മുകളിലേക്ക് ചരിയുകയുമായിരുന്നു. അടുത്ത വീട്ടുകാരുടെ കരച്ചിൽ കേട്ട്‌ ഓടിയെത്തിയ യുവാക്കളാണ്‌ മൂന്നാംനിലയിൽ കുടുങ്ങിയ വീട്ടുകാരെ രക്ഷപ്പെടുത്തിയത്‌.

താഴെ രണ്ടു നിലകളിൽ താമസക്കാരില്ലായിരുന്നു. കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കെെതയിൽ ഹംസയുടേതാണ് തകർന്ന വീട്‌. വീട്ടിൽ ഭാര്യ ഹയറുന്നിസയും മകൾ ശബ്നയുമാണ് ഉണ്ടായിരുന്നത്.

ഹംസ ജോലിക്ക് പോയിരുന്നു. രാവിലെ ഏഴിന് വലിയശബ്ദത്തോടെ പൊടി ഉയർത്തിയാണ് വീട് ഒരുവശത്തേക്ക് ചരിഞ്ഞത്. 30 ഡിഗ്രിയോളം ചരിഞ്ഞ വീട്ടിൽ ആളുകൾക്ക് നിവർന്നുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. അലമാരകളും പാത്രങ്ങളും താഴെവീണു.

പേടിച്ച് ശബ്ദമുണ്ടാക്കാൻപോലും കഴിയാതിരുന്ന വീട്ടുകാരെ യുവാക്കൾ പുറത്തുനിന്നും വലിയകോണി ചാരിവച്ച്‌ അതിലൂടെ പുറത്തെത്തിച്ചു. പത്തുവർഷംമുമ്പ് ചെങ്കല്ല് ഉപയോഗിച്ച് മൂന്ന് നിലയായി പണിതതാണ് ഹംസയുടെ വീട്. മുകളിലെ ടെറസ് ഷീറ്റ് പാകിയതാണ്.

താഴെ നിലയിലെ വാടകക്കാർ ഒരാഴ്ചമുമ്പ് വീടൊഴിഞ്ഞു. തുടർന്ന് ഉടമ വരാന്തയുടെ ടൈൽ മാറ്റാൻ നിലം പൊട്ടിക്കുന്ന ജോലി തുടങ്ങിയതിനിടെയാണ് വീട് ചരിഞ്ഞത്. ഉടമയുടെ കുടുംബം ഒന്നും രണ്ടും നിലകളാണ് ഉപയോഗിച്ചിരുന്നത്.

തൊട്ടടുത്ത മനാത്തുപറമ്പ് വീട്ടിൽ ബാബുവിന്റെ വീടിന് മുകളിൽ ചാരിയ നിലയിലാണ് ചരിഞ്ഞ വീട് നിൽക്കുന്നത്. ബാബുവിന്റെ വീടിന്റെ ഭിത്തിക്ക് വിള്ളലും ചരിവുമുണ്ട്. ബാബുവിന്റെ സഹോദരി ഓമനയും മകനും താമസിക്കുന്ന വീടിനും വിള്ളലുണ്ട്.

തൊട്ടടുത്ത ലൈൻമുറി കെട്ടിടത്തിനും കേടുപറ്റി. കളമശേരി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വീടിന് ജാക്കിവച്ച് നിർത്തിയിരിക്കുകയാണ്‌. തഹസിൽദാറും മുനിസിപ്പൽ ഉദ്യോഗസ്ഥരും പരിശോധന നടത്തി. ക്രെയിൻ ഉപയോഗിച്ച് വീട്ടിലെ സാധനങ്ങൾ ഇറക്കി പൊളിച്ചുനീക്കാനുള്ള പ്രവർത്തനം നടക്കുന്നു.

By Rathi N